‘ആപ്പിൾ കാർ പ്ലേ അപ്ഡേറ്റ് ചെയ്യൂ, ആസ്വദിക്കാം അതിനൂതന സൗകര്യങ്ങള്‍’; ഐഒഎസ് 18ൽ പുതിയ ഫീച്ചറുകൾ

സെപ്റ്റംബറിൽ ആപ്പിൾ പുറത്തിറക്കിയ സോഫ്റ്റ് വെയർ അപ്ഡേറ്റ് ആയ ഐഒഎസ് 18ന്റെ ഭാഗമായി ആപ്പിൾ കാർ പ്ലേയിലും കാര്യമായ മാറ്റങ്ങൾ. കാർ കണക്ടിവിറ്റി സോഫ്റ്റ്‌വെയറുകളായ ആൻഡ്രോയിഡ് ഓട്ടോയ്ക്കും ആപ്പിൾ കാർ പ്ലേയ്ക്കും നിരവധി ആരാധകരുണ്ട്. അതിൽ കുറച്ചധികം ആളുകൾക്ക് താൽപ്പര്യമുള്ളത് ആപ്പിൾ കാർ പ്ലേ ആണ്. കണക്ടിവിറ്റിക്ക് പേരുകേട്ട ആപ്പിളിന്റെ എക്കോസിസ്റ്റം മറ്റെല്ലാറ്റിനും മുകളിൽ ആളുകൾ കാണുന്നതിന്റെ പിന്തുണ ആപ്പിൾ കാർ പ്ലേയ്ക്കുമുണ്ട്.

ഐഒഎസിന്റെ ഏറ്റവും പുതിയ അപ്ഡേറ്റായ ഐഒഎസ്18 ഐ ഫോണുകളിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, അത് ചർച്ചയാകുമ്പോൾ തന്നെയാണ് ആപ്പിൾ കാർ പ്ലേയിൽ വന്ന മാറ്റങ്ങളും ശ്രദ്ധേയമാകുന്നത്. അതിൽ വിഷ്വൽ ഡിസൈനിലുള്ള മാറ്റങ്ങൾ മുതൽ കണക്ടിവിറ്റി, സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിലും മാറ്റമുണ്ട്.

കളർ ഫിൽറ്ററുകൾ

വ്യത്യസ്ത കളർ ഫിൽറ്ററുകൾ ഉൾപ്പെടുത്തിയാണ് ഐഒഎസ്18ൽ ആപ്പിൾ കാർ പ്ലേ എത്തുന്നത്. ഇത് കളർ ബ്ലൈൻഡ്‌നസ്സ് ഉള്ള ആളുകൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ ഇന്ററർഫേസിനെ മാറ്റുന്നു. നമ്മുടെ സൗകര്യമനുസരിച്ച് ഫിൽറ്ററുകൾ മാറ്റി ഉപയോഗിക്കാമെന്നത് കാറിന്റെ ഉൾവശത്തിന്റെ മുഴുവൻ മൂഡ് മാറ്റുന്നതിന് ഉപകരിക്കും. ഗ്രേസ്കെയിൽ, ചുവപ്പ്/പച്ച, പച്ച/ചുവപ്പ്, നീല/മഞ്ഞ എന്നീ വ്യത്യസ്ത കോമ്പിനേഷനുകളിൽ ഫിൽറ്ററുകൾ ലഭ്യമായിരിക്കും.

വോയിസ് കണ്‍ട്രോള്‍

ഐഒഎസ് 18ൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും പുതിയ ഫീച്ചറാണ് വോയിസ് കണ്‍ട്രോൾ. ഈ ഫീച്ചർ വരുന്നതോടെ വോയിസ് കമാന്റിലൂടെ ആപ്പിൾ കാർ പ്ലേ പൂർണമായും നിയന്ത്രിക്കാൻ സാധിക്കും. ഐ ഫോണുമായി കണക്ട് ചെയ്തിരിക്കുന്നതുകൊണ്ടുതന്നെ സിരി കമാൻഡുകളിലൂടെ പൂർണമായും നിയന്ത്രിക്കാം.

സൗണ്ട് റെക്കഗ്നിഷൻ

കേൾവി ശക്‌തി കുറവുള്ള ആളുകൾക്ക് സഹായകമാകുന്ന തരത്തിൽ വ്യത്യസ്ത ശബ്ധങ്ങൾ മനസിലാക്കി നിർദേശങ്ങൾ നൽകുന്ന സംവിധാനമാണ് ഇത്. പ്രത്യേകിച്ച് മറ്റുവാഹനങ്ങളുടെ ഹോൺ ഉൾപ്പെടെയുള്ള ശബ്ദം. ഈ ശബ്ദങ്ങൾ തിരിച്ചറിഞ്ഞ് സൗണ്ട് അലർട്ടുകൾ നൽകുകയും ചെയ്യും.

സൈലന്റ് മോഡ്

തങ്ങളുടെ ഐ ഫോൺ സൈലന്റ് മോഡിൽ ആക്കുന്നതുപോലെ ആപ്പിൾ കാർ പ്ലേയും നമുക്ക് സൈലന്റ് മോഡിലേക്ക് മാറ്റാൻ സാധിക്കും. അത് ഫോൺ ഉപയോഗിച്ച് തന്നെ ചെയ്യാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഫോൺ പോലെ തന്നെ ആപ്പിൾ കാർ പ്ലേയും മുഴുവൻ സമയവും സൈലന്റ് മോഡിൽ വയ്ക്കാൻ സാധിക്കും.

മെസ്സേജ് ആപ്പിൽ കോണ്ടാക്ട് ഇമേജ്

ഫോണിലെ മെസേജിങ് ആപ്പിൽ ആളുകളുടെ പേരിനൊപ്പം കോൺടാക്ട് ഇമേജും കാണാൻ സാധിക്കുന്നതുപോലെ ആപ്പിൾ കാർ പ്ലേയിലും സാധിക്കും. അതുകൂടി വരുന്നതോടെ വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് ആരാണ് തങ്ങൾക്ക് മെസേജ് അയക്കുന്നത്, പെട്ടന്ന് മറുപടി നൽകേണ്ടുന്ന മെസ്സേജ് ആണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കും.

ഫുൾസ്ക്രീൻ മോഡ്

ആപ്പിൾ കാർ പ്ലേയിൽ ഇനിമുതൽ ഫുൾസ്ക്രീൻ മോഡുണ്ടാകും. യൂസർ ഇന്റർഫേസ് ഇതിലൂടെ കൂടുതൽ സൗകര്യപ്രദമാകും. പ്രത്യേകിച്ച് നാവിഗേഷൻ കൂടുതൽ കൃത്യമായി മനസിലാക്കാൻ ഫുൾസ്ക്രീൻ മോഡ് സഹായിക്കും.

സ്പ്ലിറ്റ് സ്ക്രീൻ

പുതിയ അപ്ഡേറ്റിൽ സ്പ്ലിറ്റ് സ്ക്രീൻ കൊണ്ടുവരുന്നതിലൂടെ ആളുകൾക്ക് കാറിൽ സഞ്ചരിക്കുമ്പോൾ ഒരേ സമയം നാവിഗേഷനും മ്യൂസിക് പ്ലെയറും ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ ഒന്നിലധികം കാര്യങ്ങൾ ഒരേസമയം ചെയ്യാൻ സാധിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*