യുപിഐ ആപ്പുകള്‍ സുരക്ഷിതമാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ

ദൈംദിനം ജീവിതത്തില്‍ യുപിഐ പേയ്‌മെന്റ് നടത്താത്തവര്‍ ഇപ്പോള്‍ വളരെ വിരളമാണ്. പണം ചെലവാക്കേണ്ടിടത്തെല്ലാം യുപിഐ വഴിയാണ് ഭൂരിപക്ഷം പേരും ട്രാന്‍സാക്ഷന്‍ നടത്തുന്നത്. യുപിഐ വഴിയുള്ള തട്ടിപ്പുകളും അതുകൊണ്ടുതന്നെ സജീവമാണ്. ഇത്തരം കബളിപ്പിക്കലുകളില്‍നിന്ന് രക്ഷനേടാനായി ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്ന് നല്ലതാണ്. കൂണുപോലെയാണ് യുപിഐ ആപ്പുകള്‍ ഇപ്പോള്‍ മുളച്ചുപൊങ്ങുന്നത്. പലതും വിശ്വാസയോഗ്യമല്ലാത്ത ആപ്പുകളാണ്. പക്ഷേ, ഇത് തിരിച്ചറിയാന്‍ സാധിക്കാതെ നിരവധിപേരാണ് പരസ്യങ്ങളിലും മറ്റും വീണ് വ്യാജ യുപിഐ ആപ്പുകളില്‍ പെട്ടുപോകുന്നത്.

ചതിയില്‍ വീഴാതാരിക്കാന്‍ ബാങ്ക് നല്‍കുന്ന യുപിഐ സേവനങ്ങളോ പ്ലേസ്‌റ്റോര്‍ പോലുള്ള വിശ്വാസയോഗ്യമായ ആപ്പ് ഡൗണ്‍ലോഡിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നോ യുപിഐ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേയ്‌ടിഎം, എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് പേസാപ്പ്, ഭിം ആപ്പ്, ഭാരത്‌പേ, മൈ ജിയോ, ആമസോണ്‍, യോനോ എസ്ബിഐ എന്നിവ വിശ്വാസയോഗ്യമായി ഉപയോഗിക്കാന്‍ പറ്റുന്ന യുപിഐ ആപ്പുകളാണ്.

യുപിഐ പിന്‍ സുരക്ഷിതമായിരിക്കണം

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കടക്കാനുള്ള യുപിഐ പിന്‍ എപ്പോഴും സുരക്ഷിതമായിരിക്കണം. മൊബൈല്‍ നമ്പര്‍, ബര്‍ത്ത് ഡേ മുതലായ എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന നമ്പറുകള്‍ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. ഓര്‍ത്തിരിക്കാന്‍ എളുപ്പം എന്നതുകൊണ്ട് ഭൂരിഭാഗംപേരും ഈ നമ്പറുകളാകും യുപിഐ പിന്‍ ആയി ഉപയോഗിക്കുന്നത്. ഈ ശീലം മാറ്റിയാല്‍ യുപിഐ പേയ്‌മെന്റ് ആപ്പുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

പബ്ലിക് വൈഫൈ ഉപയോഗിക്കാതിരിക്കുക 

പബ്ലിക് വൈഫൈ നെറ്റുവര്‍ക്കുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുവഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എളുപ്പത്തില്‍ ശേഖരിക്കാം. അതിനാല്‍, പേയ്‌മെന്റുകള്‍ നടത്തുമ്പോള്‍, പബ്ലിക് വൈഫൈ നെറ്റുവര്‍ക്കുകള്‍ ഉപയോഗിക്കാതിരിക്കുക.

പണം അയക്കുന്ന അക്കൗണ്ട് വെരിഫൈ ചെയ്യണം

പേയ്‌മെന്റിന് മുന്‍പ്, മൊബൈല്‍ നമ്പറും യുപിഐ ഐഡിയും കൃത്യമാണെന്ന് ഉറപ്പാക്കുക. വ്യാജ ക്യൂആര്‍ കോഡുകള്‍ ഉപയോഗിച്ച് പണം തട്ടല്‍ ഇപ്പോള്‍ വ്യാപകമാണ്. ക്യൂആര്‍ കോഡ് വഴി സ്‌കാന്‍ ചെയ്യുമ്പോള്‍ പണം പോകുന്നത് നിങ്ങള്‍ ഉദ്ദേശിക്കുന്ന അക്കൗണ്ടിലേക്ക് തന്നെയാണോ എന്ന് സ്ഥിരീകരിക്കണം. വെരിഫൈ പെയ്‌മെന്റ് അഡ്രസ് ഫീച്ചര്‍ വഴി പണം അയക്കുന്ന ആളുടെ വിവരങ്ങള്‍ സ്ഥിരീകരിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*