‘ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല’; പിടിമുറുക്കി ട്രംപ്, നിലവിലെ നടപടിക്രമങ്ങൾ നിർത്തിവച്ചു

ട്രാൻസ്ജെൻഡർമാർക്ക് ഇനി യുഎസ് സൈന്യത്തിൽ പ്രവേശനമില്ല. ട്രാൻസ്ജെൻഡറുകളെ നീക്കം ചെയ്യാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ ഉത്തരവിനു പിന്നാലെയാണ് നടപടി. യുഎസ് സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ സൈനികരെ വിലക്കുന്നത് ഉൾപ്പെടെ സൈന്യത്തെ ശാക്തീകരിക്കുന്നതിനുള്ള നാല് ഉത്തരവുകൾ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു.

പുതിയ ഉടമ്പടി പ്രാബല്യത്തിൽ വരുമെന്നും നിലവിൽ ട്രാൻസ്ജെൻഡർമാരുടെ സൈന്യത്തിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ നിർത്തിവച്ചിട്ടുണ്ടെന്നും യുഎസ് ​സൈന്യത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ പറയുന്നു.

ട്രാൻസ്ജെൻഡർമാരുടെ സൈന്യപ്രവേശനത്തിന്റെ മെഡിക്കൽ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചതായി സൈന്യം അറിയിച്ചു. ‘യുഎസ് സൈന്യം ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’’ സമൂഹ മാധ്യമങ്ങളിലൂടെ സൈന്യം വ്യക്തമാക്കി.

നമ്മുടെ രാജ്യത്തെ സേവിക്കാനുള്ള സന്നദ്ധത ട്രാൻസ്ജെൻഡർമാർ അറിയിച്ചിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പരി​ഗണന നൽകുമെന്നും സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2017-ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോഴും ട്രാൻസ്ജെൻഡർമാരെ സൈന്യത്തിൽ നിന്ന് വിലക്കിയിരുന്നു. പിന്നാലെ 2021-ൽ ജോ ബൈഡൻ അധികാരമേറ്റതോടെ വിലക്ക് പിൻവലിച്ച് പ്രവേശന അനുമതി നൽകികൊണ്ട് പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*