
അമേരിക്കയിലെ ആശുപത്രിയില്‍ മലയാളി നഴ്സിന് നേരെ യുവാവിന്റെ ക്രൂരമായ വംശീയ അതിക്രമം. ഇന്ത്യക്കാരെ ഇഷ്ടമല്ലെന്ന് പറഞ്ഞ് സ്റ്റീഫന്‍ സ്കാന്റില്‍ബറി എന്ന യുവാവ് മലയാളി നഴ്സായ ലീലാമ്മ ലാലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ലീലാമ്മയുടെ മുഖത്തെ അസ്ഥികള്‍ തകരുകയും തലയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന ലീലാമ്മയെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
ഫെബ്രുവരി 19-ന് എച്ച്സിഎ ഫ്ലോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റല്‍ സൈക്യാട്രിക് വാര്‍ഡില്‍ വച്ചാണ് 33 വയസുകാരനായ സ്റ്റീഫന്‍ സ്കാന്റില്‍ബറി ലീലാമ്മയെ ആക്രമിക്കുന്നത്. ഇന്ത്യക്കാരൊക്കെ മോശമാണെന്നും ഇവളെ അടിച്ച് പുറത്താക്കുമെന്നും ആക്രോശിച്ച് കൊണ്ട് സ്റ്റീഫന്‍ ലീലാമ്മയുടെ മുഖത്തിടിക്കുകയായിരുന്നു. രണ്ട് മിനിറ്റിലേറെ നീണ്ടുനിന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ ആക്രമണത്തിന്റെ തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ സ്റ്റീഫന്‍ പാരാനോയിയ അവസ്ഥയിലായിരുന്നെന്നും തന്നെ നിരന്തരം ആരോ നിരീക്ഷിക്കുന്നതായി ഇയാള്‍ പേടിച്ചിരുന്നതായും സ്റ്റീഫന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു. അതിനാല്‍ മാനസികരോഗിയായ ഭര്‍ത്താവിനെ ജയിലിലിടരുതെന്നും മറ്റൊരു മാനസികരോഗ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നിരിക്കിലും പ്രതിക്ക് ജാമ്യം നിഷേധിച്ച പാം ബീച്ച് കൗണ്ടി കോര്‍ട്ട്ഹൗസ് ഇയാളെ റിമാന്‍ഡ് ചെയ്തു. വധശ്രമത്തിനും വംശീയ ആക്രമണത്തിനുമാണ് കേസെടുത്തിരിക്കുന്നത്.
അമ്മയുടെ മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണെന്നും മസ്തിഷ്കത്തിനും പരുക്കേറ്റതായി സംശയിക്കുന്നുണ്ടെന്നും ലീലാമ്മയുടെ മകളും ഡോക്ടറുമായ സിന്‍ഡി ജോസഫ് പറഞ്ഞു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതായി സംശയിക്കുന്നുണ്ട്. ചികിത്സ തുടരുകയാണ്. അമ്മയുടെ മുഖം തനിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും തോളെല്ലിനും പരുക്കേറ്റെന്നും സമാനതകളില്ലാത്ത ആക്രമണമാണ് അമ്മയ്ക്ക് നേരിടേണ്ടി വന്നതെന്നും സിന്‍ഡി പറഞ്ഞു. അതേസമയം മാനസിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ശക്തമാക്കാനുള്ള ആവശ്യവും ഉയരുന്നുണ്ട്.
Be the first to comment