അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറുന്നതാണ് നല്ലതെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞതായി റിപ്പോർട്ടുകൾ. വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
ബൈഡൻ പിന്മാറുന്നതാണ് നല്ലതെന്ന് സഖ്യകക്ഷികളോട് ഒബാമ പറഞ്ഞതായാണ് റിപ്പോർട്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ജോ ബൈഡൻ മത്സരിച്ചാൽ പരാജയ സാധ്യതയാണ് ഉള്ളതെന്നുള്ള ആശങ്കയും ഒബാമ പങ്കുവെച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡോണൾഡ് ട്രംപുമായി നടത്തിയ ആദ്യ സംവാദത്തിൽ ബൈഡൻ തിരിച്ചടി നേരിട്ടിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് ബൈഡനെ പുറത്താക്കണമെന്ന് പാർട്ടിയിൽ നിന്നുതന്നെ ആവശ്യങ്ങൾ ഉയർന്നിരുന്നു. ബരാക് ഒബാമ പ്രസിഡന്റ് ആയിരുന്ന സമയത്ത് ജോ ബൈഡൻ വൈസ് പ്രസിഡന്റ് ആയി പ്രവർത്തിച്ചിരുന്നു. എന്നാൽ 81 വയസായ ജോ ബൈഡന്റെ ആരോഗ്യസ്ഥിതയടക്കമുള്ളവ മോശമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇതിനിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഡെലവേറിലുള്ള തന്റെ ബീച്ച് ഹൗസിൽ വിശ്രമത്തിലാണ് ജോ ബൈഡൻ. എന്നാൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി താൻ തന്നെ നിൽക്കുമെന്നാണ് ജോ ബൈഡൻ കഴിഞ്ഞ ദിവസവും പ്രഖ്യാപിച്ചത്.
ലാസ് വേഗാസിലെ സന്ദർശനത്തിനിടയിലാണ് ബൈഡന് രോഗം സ്ഥിരീകരിച്ചത്. അതേസമയം പെനിസിൽവാനിയയിൽ വെച്ച് നടന്ന വധശ്രമത്തിന് പിന്നാലെ ട്രംപിന് ജനപ്രീതി വർധിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Be the first to comment