അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ജോ ബൈഡന്‍ പിന്‍മാറി, കമല ഹാരിസ് സ്ഥാനാര്‍ഥിയായേക്കും

അമേരിക്കന്‍ പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവില്‍ യുഎസ് പ്രസിഡന്‌റുമായ ജോ ബൈഡന്‍ പിന്‍മാറി. വാര്‍ത്താക്കുറിപ്പിലൂടെയാണ് പിന്‍മാറുന്ന കാര്യം ബൈഡന്‍ വ്യക്തമാക്കിയത്. പാര്‍ട്ടിയുടെയും രാജ്യത്തിന്‌റെയും താല്‍പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് ബൈഡന്‍ പറഞ്ഞു. കമല ഹാരിസ് സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചതിനുപിന്നാലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി ബൈഡന്‍ കമല ഹാരിസിനെ നിര്‍ദേശിക്കുകയായിരുന്നു. കമലയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും കമലയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് എക്‌സില്‍ ബൈഡന്‍ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോല്‍പ്പിക്കണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് ബൈഡന്‍ ആഹ്വാനം ചെയ്തു. കമല ഹാരിസിന്‌റെ പ്രചാരണത്തിന് ഓണ്‍ലൈനായി സംഭാവന ചെയ്യാനുള്ള ലിങ്കും ഹൈഡന്‍ പങ്കുവെച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നരവര്‍ഷംകൊണ്ട് യുഎസ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും ലോകത്തെ എറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഇന്ത്യയുടേതാണെന്നും പിന്‍മാറ്റം പ്രഖ്യാപിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ ബൈഡന്‍ പറഞ്ഞു. സുപ്രീംകോടതിയില്‍ ആദ്യമായി അമേരിക്കന്‍- ആഫ്രിക്കന്‍ വനിതയെ നിയമിച്ചതും കേവിഡ് കാലത്തെ നേരിട്ടതുമുള്‍പ്പെടെയുള്ള നേട്ടങ്ങളെക്കുറിച്ചും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്നുള്ള പിന്‍മാറ്റത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാമെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്‌റെ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മികച്ച പങ്കാളിയാണ് വൈസ്പ്രസിഡന്‌റ് കമല ഹാരിസ്. ഒന്നിച്ചുനിന്നാല്‍ അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് താന്‍ വിശ്വസിക്കുന്നുവെന്നു പറഞ്ഞാണ് ബൈഡന്‍ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ബൈഡന്‍ പിന്‍മാറണമെന്ന ആവശ്യം ശക്തമായിരുന്നു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറുന്നതാണ് നല്ലതെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ജോ ബൈഡൻ മത്സരിച്ചാൽ പരാജയ സാധ്യതയാണ് ഉള്ളതെന്നുള്ള ആശങ്കയും ഒബാമ പങ്കുവെച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*