ഇന്ത്യയിൽ നിന്നുള്ള നാല് കമ്പനികൾ അടക്കം റഷ്യക്കെതിരായ ഉപരോധ നിർദ്ദേശം മറികടന്ന 400 കമ്പനികൾക്കെതിരെ അമേരിക്ക വിലക്കേർപ്പെടുത്തി. യുക്രെയിൻ എതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന തരത്തിൽ ഇടപെട്ടു എന്നാണ് കമ്പനികൾക്കെതിരായ കുറ്റം. 12 ഓളം രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾക്ക് എതിരെയാണ് അമേരിക്കയുടെ നടപടി.
റഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുമായി സഹകരിച്ച, ഇവർക്ക് 700 ഓളം ഷിപ്മെന്റുകൾ അയച്ച ഇന്ത്യയിൽ നിന്നുള്ള അസെന്റ് ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വിലക്ക് നടപടി നേരിടുന്ന ഒന്ന്. യുഎസ്സിൽ നിർമ്മിച്ച എയർക്രാഫ്റ്റ് ഘടകങ്ങൾ അടക്കം ഇവർ റഷ്യയിലേക്ക് കയറ്റി അയച്ചു. സമാനമായ നിലയിൽ റഷ്യയിലെ കമ്പനികൾക്ക് പൊതു ആവശ്യ വസ്തുക്കൾ ( സി എച്ച് പി എൽ) ഉൽപ്പന്നങ്ങൾ അയച്ചുകൊടുത്ത മാസ്ക് ട്രാൻസ് എന്ന കമ്പനിക്കെതിരെയും നടപടിയുണ്ട്. ഇതും ഇന്ത്യൻ കമ്പനിയാണ്. ടി എസ് എം ഡി ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്ത്യൻ കമ്പനിയും യുദ്ധസാമഗ്രികൾ റഷ്യയിലേക്ക് എത്തിച്ച കമ്പനിയാണ്.
റഷ്യക്കെതിരായ കടുത്ത നടപടി തുടരുമെന്ന് വ്യക്തമാക്കിയ അമേരിക്ക, റഷ്യ സഹായിക്കുന്ന എല്ലാ കമ്പനികൾക്കും ഇതിലൂടെ മുന്നറിയിപ്പും നൽകുന്നുണ്ട്. മൈക്രോ ഇലക്ട്രോണിക്, പൊതു അവശ്യ വസ്തുക്കൾ എന്നിവയാണ് റഷ്യയിലേക്ക് ഈ കമ്പനികൾ കയറ്റി അയച്ചത്. യുകെ, ജപ്പാൻ, ചൈന, ഇന്ത്യ, ഖസാക്കിസ്ഥാൻ, കിർഗീസ് റിപ്പബ്ലിക്ക്, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്.
Be the first to comment