
ഗൗതം അദാനിക്കും മരുമകൻ സാഗർ അദാനിക്കും എതിരായിട്ടുള്ള കേസിൽ അന്വേഷണത്തിൽ സഹായിക്കണമെന്ന് ഇന്ത്യയിലെ നിയമ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി അമേരിക്കയിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ. കോടതിയിൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സംബന്ധിച്ച് അന്തർദേശീയ വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 265 ദശലക്ഷം ഡോളറിന്റെ കൈക്കൂലി ആരോപണത്തിലാണ് ഗൗതം അദാനിയും മരുമകൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്.
രണ്ടു പ്രതികളും ഇന്ത്യയിലാണ് താമസിക്കുന്നത് എന്നും ഇവർക്ക് നോട്ടീസ് നൽകാനുള്ള ശ്രമങ്ങൾ തുടരുകയാണ് എന്നുമാണ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച അദാനി ഗ്രൂപ്പിന്റെ ഓഹരികൾ ഇടിഞ്ഞു. അദാനി എന്‍റർപ്രൈസസ് ഓഹരി 4.3 ശതമാനം ഇടിഞ്ഞ് 2123.95 രൂപയിലെത്തി. ഇതിലൂടെ മാത്രം അദാനി ഗ്രൂപ്പുകളുടെ മൊത്തം വിപണി മൂല്യം രണ്ടര ലക്ഷം കോടിയുടെ നഷ്ടം രേഖപ്പെടുത്തി. കേസിൽ കുറ്റം ആരോപിക്കപ്പെടുന്ന അദാനി ഗ്രീൻ എനർജി എന്ന സ്ഥാപനത്തിന്റെ ഓഹരി മൂല്യവും 4.3% ഇടിഞ്ഞ് 860 രൂപയിൽ എത്തി. അദാനി പോർട്സിന്റെ ഓഹരി മൂല്യം 2.6 ശതമാനം ഇടിഞ്ഞ് 1055.25 ലേക്കെത്തി.
കഴിഞ്ഞവർഷമാണ് ബ്രൂക്ലിനിലെ ഫെഡറൽ പ്രോസിക്യൂട്ടർമാർ അദാനി ഗ്രീൻ എനർജി ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ ഭരണ നേതൃത്വങ്ങൾക്കും കൈക്കൂലി നൽകി എന്നും, ഇത്തരത്തിൽ നേടിയ കരാറുകൾ കാണിച്ച് അമേരിക്കയിൽ നിന്ന് വലിയ പ്രതിരോധ നിക്ഷേപങ്ങൾ സമാഹരിച്ചു എന്നും ആരോപിച്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇത് അടിസ്ഥാന രഹിതമായ ആരോപണം എന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം.
2020 നും 2024 നും ഇടയിൽ ഗൗതം അദാനി, സാഗർ അദാനി എന്നിവരും മറ്റ് ആറു പേരും ചേർന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 265 ദശലക്ഷം ഡോളറിന്റെ കൈക്കൂലി നൽകി ഊർജ്ജ പദ്ധതികൾ നേടിയെന്നാണ് കുറ്റം. ഈ പദ്ധതികൾ ഉയർത്തിക്കാട്ടി അമേരിക്കയിൽ നിന്ന് നിക്ഷേപം സമാഹരിച്ചതാണ് കേസ് രജിസ്റ്റർ ചെയ്യാനുള്ള കാരണം. 20 വർഷം കൊണ്ട് രണ്ടു ബില്യൺ ഡോളർ വരെ ലാഭം ലഭിക്കുന്ന പദ്ധതികളാണ് ഇവ എന്നായിരുന്നു വാദം. ഈ കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് ഇഷ്യൂ ചെയ്തിരിക്കുന്നത്. എന്നാൽ അദാനിയുമായി ബന്ധപ്പെട്ട ആരും അമേരിക്കയിൽ അല്ല ഉള്ളത്. ഇതാണ് ഇപ്പോൾ ഇന്ത്യയുടെ സഹായം തേടാനുള്ള കാരണം.
Be the first to comment