ഇന്ത്യയുമായുളള ഡ്രോൺ കരാർ റദ്ദാക്കിയിട്ടില്ല: വാർത്തകൾ തള്ളി അമേരിക്ക; കരാറിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അംഗീകാരം

ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് കരാറിന് യുഎസ് അംഗീകാരം നൽകിയത്.

പന്നുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്നും കരാർ റദ്ദാക്കണമെന്നും യുഎസ് നിയമനിർമാണ സഭയിലെ അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ മറികടന്നാണ് 3.99 ബില്യൺ ഡോളർ വിലമതിക്കുന്ന 31 MQ-9B ഡ്രോണുകളും അനുബന്ധ സൈനിക ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കുന്നതിനുള്ള അംഗീകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയത്.

ഗുർപത്വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി. നേരത്തെ പന്നുവിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള കരാർ യുഎസ് തടഞ്ഞുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകൾ തള്ളിയാണ് യുഎസ് കരാറിന് അംഗീകാരം നൽകിയത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിലായിരുന്നു യുഎസ് – ഇന്ത്യ ഡ്രോൺ കരാർ ഒപ്പുവച്ചത്. സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുമാണ് കരാർ.

ജനറൽ അറ്റോമിക്‌സിന്റെ MQ-9B, HALE UAVകൾ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലയിലെ രാഷ്ട്രീയ സുസ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവ ഉറപ്പുവരുത്തുന്നതിൽ പ്രധാന ശക്തിയായി തുടരുന്നതിനും പ്രധാന പ്രതിരോധ പങ്കാളികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*