വാഷിങ്ടൺ: അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ സ്വന്തം രാജ്യത്തേക്ക് മടങ്ങി ഗ്രീൻ കാർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
പുതിയ നയത്തിന്‍റെ ഗുണഫലം അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാര്‍ക്കാണ് ലഭിക്കുക. കുടിയേറ്റക്കാർ 2024 ജൂൺ 17 ന് അമേരിക്കയിൽ താമസം ആരംഭിച്ചിട്ട് 10 വർഷമെങ്കിലും ആയിരിക്കണം എന്നതാണ് പൗരത്വത്തിന് യോഗ്യത നേടാനുള്ള പ്രധാന മാനദണ്ഡം. ഇവര്‍ അമേരിക്കൻ പൗരനെ വിവാഹം കഴിച്ചിരിക്കണം. ഈ യോഗ്യതയുള്ള അംഗീകൃത അപേക്ഷകർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ മൂന്ന് വർഷം സമയമുണ്ട്. മാത്രമല്ല, ഇവർക്ക് താത്കാലിക വർക്ക് പെർമിറ്റും നാടുകടത്തലിൽ നിന്നുള്ള സംരക്ഷണവും ലഭിക്കും.
ഇതിന് പുറമെ, അമേരിക്കൻ പൗരന്മാരെ വിവാഹം കഴിച്ചവരുടെ അമേരിക്കൻ പൗരന്മാരല്ലാത്ത മക്കൾക്കും ഇതേ ആനുകൂല്യം ലഭിക്കും. വിവാഹകാലാവധി എത്ര വേണമെന്ന് വ്യവസ്ഥയില്ല. ജൂൺ 17ന് അമേരിക്കയിൽ പത്ത് വർഷം പൂർത്തിയായിരിക്കണം എന്നതാണ് പ്രധാന മാനദണ്ഡം. വേനൽ അവസാനത്തോടെ ഇതിനായി അപേക്ഷ സമർപ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അപേക്ഷാ ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് നാടുകടത്തൽ പരിരക്ഷകളും താൽക്കാലിക വർക്ക് പെർമിറ്റുകളും വാഗ്ദാനം ചെയ്യുന്ന, ഒബാമ കാലത്തെ നിർദ്ദേശമായ ഡെഫർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ് പ്രോഗ്രാമിൻ്റെ 12ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പ്രഖ്യാപനം.
Be the first to comment