തിരുവനന്തപുരത്ത് യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചു; വിമാനയാത്രക്കാർക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നുള്ള വിമാനയാത്രയ്ക്ക് ഇനി ചെലവേറും. യൂസര്‍ ഫീ 50 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ജൂലൈ ഒന്നുമുതല്‍ ആഭ്യന്തര വിമാനയാത്രയ്ക്ക് 264 രൂപയും രാജ്യാന്തര യാത്രയ്ക്ക് 631 രൂപയും അധികം നല്‍കണം.

പതിവു വിമാന യാത്രക്കാരായ ഐ ടി പ്രഫഷണലുകള്‍ക്ക് ഉള്‍പ്പടെ വന്‍തിരിച്ചടിയാണ് അസാധാരണ നിരക്ക് വര്‍ധന. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള ആഭ്യന്തര യാത്രയ്ക്ക് ഇപ്പോൾ യൂസർഫീസ് 506 രൂപയാണ്. ജൂലൈ ഒന്നു മുതൽ യൂസർ ഫീസ് 770 രൂപയാകും.

രാജ്യാന്തര യാത്രക്കാർ 1262 രൂപയായിരുന്ന യൂസർഫീസ് ജൂലൈ ഒന്നു മുതൽ 1893 രൂപയാകും. തിരുവനന്തപുരം വിമാനത്താവളം അദാനി ​ഗ്രൂപ്പ് ഏറ്റെടുത്ത ശേഷമുള്ള ആദ്യ നിരക്ക് വർധനയാണിത്. എയർപോർട്ട് ഇക്കണോമിക് റെ​ഗുലേറ്ററി അതോറിട്ടിയുടേതാണ് ഉത്തരവ്.

അതേസമയം മറ്റു വിമാനത്താവളങ്ങളിലൊന്നും നിരക്കു വർധനയില്ല. കൊച്ചിയിൽ 319 രൂപയും ചെന്നൈയിൽ 467 രൂപ, ഡൽഹി 62 രൂപ എന്നിങ്ങനെയാണ് നിലവിലെ യൂസർഫീസ്. മുംബൈയിൽ യൂസർഫീസ് ഇല്ല. തിരുവനന്തപുരത്ത് അടുത്തവർഷം ഏപ്രിൽ ഒന്നു മുതൽ 840 രൂപയും, 2026 ഏപ്രിൽ ഒന്നു മുതൽ 910 രൂപയുമായും യൂസർഫീസ് വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

Be the first to comment

Leave a Reply

Your email address will not be published.


*