‘എല്ലാവര്‍ക്കും തുല്യ അവകാശം’; ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്

ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. നാലു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലാണ് ബില്‍ നിയമ സഭയുടെ അംഗീകാരം നേടുന്നത്. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നത് ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രധാന വാഗ്ദാനമായിരുന്നു. പോര്‍ച്ചുഗീസ് ഭരണകാലം മുതല്‍ യുസിസി നിലവിലുള്ള ഗോവയ്ക്ക് ശേഷം നിയമം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സിവില്‍ കോഡ് ബില്‍ നിയമസഭയില്‍ വെച്ചപ്പോള്‍ ബിജെപി എംഎല്‍എമാര്‍ വന്ദേമാതരം, ജയ് ശ്രീറാം വിളിച്ചുകൊണ്ടായിരുന്നു പ്രതികരിച്ചത്. എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നതാണ് ഉത്തരാഖണ്ഡ് യൂണിഫോം സിവില്‍ കോഡ് എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. നിയമം നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയതില്‍ ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങളും അഭിമാനിക്കുന്നതായും ധാമി കൂട്ടിച്ചേര്‍ത്തു.

നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്. വിവാഹം, വിവാഹ മോചനം, ഉത്തരാഖണ്ഡിലെ എല്ലാ പൗരന്‍മാര്‍ക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അര്‍ഹത എന്നിവ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. ശൈശവ വിവാഹ നിരോധനം, എല്ലാ മതത്തിലും പെട്ടവര്‍ക്ക് ഏകീകരിച്ച വിവാഹ പ്രായം എന്നിവയും നിയമത്തിലുണ്ട്.

സുപ്രീംകോടതി മുന്‍ ജഡ്ജി രഞ്ജന പ്രകാശ് ദേശായ് അടങ്ങുന്ന അഞ്ചംഗ സമിതി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ചിരുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*