‘ശബരി പാതയിൽ കേന്ദ്ര നിലപാട് വ്യക്തമല്ല, ഉത്സവ കാലത്തെ സ്പെഷ്യൽ ട്രെയിനുകൾ തിരക്ക് കുറയ്ക്കുന്നില്ല’: മന്ത്രി വി അബ്‌ദുറഹിമാൻ

തിരുവനന്തപുരം : ശബരി പാതയിൽ കേന്ദ്ര നിലപാട് വ്യക്തമല്ലെന്നും ഉത്സവ കാലത്തെ സ്പെഷ്യൽ ട്രെയിനുകൾ തിരക്ക് കുറയ്ക്കാൻ പര്യാപ്‌തമല്ലെന്നും സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ പറഞ്ഞു. നിലവിലുള്ള ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിച്ചുരുക്കുമ്പോഴുണ്ടാകുന്ന യാത്രാദുരിതത്തെ കുറിച്ച് പൊന്നാനി എംഎൽഎ പി നന്ദകുമാർ നൽകിയ ശ്രദ്ധ ക്ഷണിക്കൽ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

കേന്ദ്ര റെയിൽവേ ബോർഡുമായും റെയിൽവേ മന്ത്രാലയവുമായും സംസ്ഥാനം നിരന്തരം ബന്ധപ്പെടുന്നുണ്ട്. റെയിൽവേ വകുപ്പ് മന്ത്രിയുമായി ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 20 തവണ ചർച്ച നടത്തിയിട്ടുണ്ട്. 2024 ജൂലൈ 30ന് നടത്തിയ ചർച്ചയിൽ പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വെട്ടി കുറയ്ക്കുകയും സ്ലീപ്പർ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനും ധാരണയായി. എന്നാൽ പരശുറാം എക്‌സ്‌പ്രസിൽ രണ്ട് പുതിയ കോച്ചുകൾ മാത്രമാണ് പുതുതായി ഘടിപ്പിച്ചത്.

എസി ത്രീ ടയർ കോച്ചുകൾക്കാണ് കൂടുതൽ ആവശ്യക്കാറുള്ളത് എന്നാണ് റെയിൽവേ സംസ്ഥാനത്തെ അറിയിച്ചിട്ടുള്ളത്. അതേസമയം റെയിൽവേ കാറുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയില്ലെന്നും റെയിൽവേ അറിയിച്ചു. കൂടുതൽ മെമു സർവിസിന് വേണ്ടി മൂന്നും നാലും പാതയുടെ നിർമാണം പൂർത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ടും ചർച്ച നടത്തണമെന്ന് വി അബ്‌ദുറഹിമാൻ വ്യക്തമാക്കി.

അതേസമയം കേരളം ഇതിന്‍റെ ചെലവ് വഹിക്കാമെന്ന് അറിയിച്ചു. എന്നാൽ റെയിൽവേയുടെ സ്ഥലത്ത് റെയിൽവേയാണ് നിർമാണം പൂർത്തിയാക്കേണ്ടതെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. ശബരി പാതയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നു. എന്നാൽ റെയിൽവേ കൃത്യമായ നിലപാട് വ്യക്തമാക്കിയില്ലെന്ന് അദ്ദേഹം അറിയിച്ചു.

അങ്കമാലിയിൽ നിന്നും ഇതാരംഭിക്കണമെന്നാണ് കേരളത്തിന്‍റെ നിലപാട്. 22 കോച്ചുകളിൽ 15 എണ്ണം എസി കോച്ചുകളാണ്. ഇത് യാത്രകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓണം നവരാത്രി സീസണിൽ ചെന്നൈ, ബെഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. എന്നാൽ ഉത്സവ കാലത്തെ ഈ ക്രമീകരണങ്ങൾ പര്യാപ്‌തമല്ലെന്ന് വ്യക്തമായെന്നും മന്ത്രി ശ്രദ്ധക്ഷണിക്കൽ നോട്ടിസിന് മറുപടിയായി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*