‘ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ല; മന്ത്രിസഭാ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്നു’; വി ഡി സതീശന്‍

ബ്രൂവറി ആരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ശക്തിയായി എതിര്‍ക്കുന്നുവെന്നും ഒരു കാരണവശാലും ആരംഭിക്കാന്‍ സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാധാരണ എകെജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് സിപിഐയെ അപമാനിക്കുന്നതെന്നും ഇത്തവണ എം.എന്‍ സ്മാരകത്തില്‍ പോയി മുഖ്യമന്ത്രി അവരെ അപമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണെന്നും മലമ്പുഴയില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എല്‍ഡിഎഫ് തീരുമാനിക്കാത്തൊരു വിഷയം മന്ത്രിസഭയില്‍ കൊണ്ടുവന്ന് പാസാക്കിയതാണല്ലോ തെറ്റ്. ഞങ്ങളെ ബോധ്യപ്പെടുത്താന്‍ നടക്കുന്നുണ്ടല്ലോ എക്‌സൈസ് മന്ത്രി. ആദ്യം അദ്ദേഹം ഇടതു മുന്നണിയിലെ കക്ഷികളെ ബോധ്യപ്പെടുത്തട്ടെ. സിപിഐ മുഖ്യമന്ത്രിക്ക് കീഴടങ്ങി. അവരുടെ ആസ്ഥാനത്ത് വച്ചാണ് അവരുടെ തീരുമാനത്തിനെതിരായ നിലപാട് മുഖ്യമന്ത്രി എടുത്തത് – വി ഡി സതീശന്‍ വ്യക്തമാക്കി.

വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറെന്നും വി ഡി സതീശന്‍ പറഞ്ഞു. സ്ഥലവും തിയതിയും സര്‍ക്കാരിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഇതുവരെ ആരെയും വെല്ലുവിളിച്ചിട്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം വ്യവസായ സൗഹൃദമെന്ന് വ്യവസായ മന്ത്രി പറഞ്ഞത് ഊതിപെരുപ്പിച്ച കണക്കുകളുടെ അടിസ്ഥാനത്തിലെന്നും അദ്ദേഹം പറഞ്ഞു. നിര്‍വചനം മാറ്റിയപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലേയും കണക്കുകളില്‍ മാറ്റമുണ്ടായി. ബാര്‍ബര്‍ഷോപ്പും പെട്ടിക്കടയും ഉള്‍പ്പടെ എല്ലാം ഈ കണക്കില്‍ പെടും. ഇതില്‍ സര്‍ക്കാരിന് എന്താണ് ക്രെഡിറ്റ്. ഇത് ചോദ്യം ചെയ്തില്ലെങ്കില്‍ കൊവിഡ് കാലത്തെ അവസ്ഥ വരും – അദ്ദേഹം പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം ലക്ഷക്കണക്കിന് രൂപ വര്‍ധിപ്പിച്ചു. സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്ക് ശമ്പളമില്ല. ജനങ്ങളെ നോക്കി പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. ഈ വേതന വര്‍ധന പിന്‍വലിക്കണം – വി ഡി സതീശന്‍ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*