പെരിയ ഇരട്ടക്കൊല കേസില്‍ അപ്പീല്‍ നല്‍കാനുള്ള സിപിഐഎം തീരുമാനം കോടതി വിധിയെ വെല്ലുവിളിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഭീകരസംഘടനയെക്കാള്‍ മോശമാണ് സിപിഐഎം. നീതി കിട്ടാന്‍ കുടുംബത്തിനൊപ്പം ഏതറ്റംവരെയും പോകുമെന്നും വി ഡി സതീശന് പറഞ്ഞു.
രണ്ട് ചെറുപ്പക്കാരെ ക്രൂരമായി ഗൂഢാലോചന നടത്തി കൊല ചെയ്ത് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തി തെളിവുകള്‍ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്ത ഈ പാര്‍ട്ടിയാണ് ഭരിക്കുന്നതെന്ന് ഓര്‍ത്ത് കേരളം ലജ്ജിക്കണം. 10 പ്രതികളെ കുറ്റക്കാരല്ലെന്ന് വിധിച്ചിട്ടുണ്ട്. കുടുംബവുമായി ആലോചിച്ച് അതിനെതിരായി അപ്പീല്‍ പോകും. കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമായി വിധിയെ കാണുന്നു. ധാര്‍മികതയുടെ വിജയം കൂടിയാണിത് – വി ഡി സതീശന് പറഞ്ഞു.
അതേസമയം, പെരിയ ഇരട്ടക്കൊല കേസിലെ CBI കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് സിപിഐഎം. കെ വി കുഞ്ഞിരാമന് ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന് പറഞ്ഞു. കോടതി വിധിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനും പറഞ്ഞു.
കോടതി വിധി അംഗീകരിച്ചുള്ള സമീപനമാണ് ആര്‍ക്കും പൊതുവേ സ്വീകരിക്കാന്‍ കഴിയുക. നിയമവാഴ്ചയില്‍ അത്തരമൊരു നിലപാട് സ്വീകരിച്ചേ പറ്റൂ. ഈ കേസില്‍ നിരപരാധികളായ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിന്റെയെല്ലാം വിശദാംശങ്ങള്‍ പരിശോധിച്ച് നിയമനടപടി സ്വീകരിക്കാനേ സാധിക്കൂ. സിപിഐഎം ആസൂത്രണം ചെയ്ത ഒരു കൊലയും കേരളത്തിലില്ല – ടി.പി രാമകൃഷ്ണന് വ്യക്തമാക്കി.
Be the first to comment