തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെന്ന സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്റെ പ്രസ്താവന അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന പി. ജയരാജന്റെ പ്രസ്താവന ശരിയോ തെറ്റോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ അഭിപ്രായം തന്നെയാണോ സി.പി.ഐ.എമ്മിനുമെന്നും അദ്ദേഹം ചോദിച്ചു.
പി. ജയരാജന്‍ പറയുന്നതു പോലെ ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമായി കേരളം മാറിയെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും ഇതു സംബന്ധിച്ച് ആധികാരികമായ വിവരങ്ങളോ ഇന്റലിജന്‍സ് റിപ്പോര്‍ട്ടോ ഉണ്ടോ?, സി.പി.ഐ.എമ്മിന്റെ ഉന്നതനായ നേതാവ് ഉന്നയിച്ചിരിക്കുന്ന ഗുരുതര ആരോപണം സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും എതിരെയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നടക്കുന്നുവെന്ന് ജില്ലയില്‍ നിന്നു തന്നെയുള്ള സംസ്ഥാന സമിതി അംഗം ആരോപിക്കുന്നതും ഏറെ ഗൗരവതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അടിസ്ഥാനരഹിതമായ ആരോപണമാണ് പി. ജയരാജന്‍ ഉന്നയിച്ചതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്. ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. പി ജയരാജന്റെ നിലപാട് തന്നെയാണോ സി.പി.ഐ.എമ്മിനെന്ന് പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
Be the first to comment