‘പത്തനംതിട്ടയിൽ നടന്നത് പോലീസ് നരനായാട്ട്, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണം’; വി.ഡി സതീശൻ

പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പോലീസിൻ്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പോലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. പോലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്ത് അധികാരത്തിലാണ് പോലീസ് നിരപരാധികളെ തല്ലിച്ചതച്ചത്?, പോലീസിൻ്റെ പരാക്രമത്തിന് സി.സി ടി.വി ദൃശ്യങ്ങൾ തെളിവാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുത്. കർശന നടപടി സ്വീകരിക്കണം. ക്രൂരമായ മർദ്ദനം എൽക്കേണ്ടി വന്നവരുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി നിയമനടപടി ഉറപ്പാക്കണം. കേരളത്തിലെ പോലീസ് സി.പി.ഐ.എമ്മിന് അടിമവേല ചെയ്യാനുള്ളവരല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ പോലീസ് മർദിച്ചത് ആളുമാറിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ എസ് ജിനു ആണ് വിവാഹസംഘത്തെ ആളുമാറി മർദിച്ചത്. ജനറൽ ആശുപത്രിയിൽ എത്തി ഡിവൈ.എസ്.പി. എസ് നന്ദകുമാർ പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി.

പോലീസ് എത്തിയത് ബാറിന് മുന്നിൽ പ്രശ്നമുണ്ടാക്കിയവരെ തേടിയാണെന്നും ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടില്‍ പറയുന്നത്. റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് ഉന്നതാധികാരികൾക്ക് നൽകി.

അടൂരിൽ വിവാഹ റിസപ്ഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ വാഹനം വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പോലീസ് സംഘം തല്ലിയോടിക്കുകയായിരുന്നുവെന്നാണ് പരുക്കേറ്റവർ പറഞ്ഞത്. സംഭവത്തില്‍ ശക്തമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*