സർക്കാർ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി, അവർക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി; വി ഡി സതീശൻ

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്‌ത്‌ തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ മദ്യനയ പ്രകാരം ബ്രൂവറിക്ക് അനുമതി നൽകിയത് ആരും അറിഞ്ഞില്ല. മാറിയ മദ്യ നയത്തിൻ്റെ ഭാഗമായി മദ്യനിർമ്മാണശാല തുടങ്ങുന്നത് ആരും അറിഞ്ഞില്ല. ആകെ അറിഞ്ഞത് ഒയാസിസ് കമ്പനി മാത്രം ആണെന്ന് വിഡി സതീശൻ ആരോപിച്ചു.

മദ്യനയം മാറും മുൻപ് കമ്പനി അവിടെ സ്ഥലം വാങ്ങി. മദ്യനയം മാറും എന്ന് എങ്ങിനെ അവർ അറിഞ്ഞു, കമ്പനിക്ക് വേണ്ടിയാണ് മദ്യനയം മാറ്റിയത്. ഡൽഹി മദ്യനയ കേസിൽ പ്രതിയാണ് കമ്പനി. ഈ കാര്യങ്ങളൊന്നും മന്ത്രി പറഞ്ഞില്ല. ഇതിന് പിന്നിൽ ദുരൂഹമായ ഇടപാടുകൾ നടന്നിട്ടുണ്ട്. ഭൂഗർഭ ജലം മലിനമാക്കിയതിലെ പ്രതിയാണ് ഓയാസിസ് കമ്പനി.ഈ പ്ലാന്റിന് ഒരു ദിവസം 50 ദശലക്ഷം മുതൽ 80 ദശലക്ഷം ലിറ്റർ വരെ വെള്ളം ആവശ്യമുണ്ട്, കമ്പനിക്ക് വേണ്ടി വാദിക്കുന്നത് മന്ത്രിയാണ്. കോൺഗ്രസിനേക്കാൾ നന്നായി കുടിവെള്ള പ്രശ്നത്തെ കുറിച്ച് അറിയാവുന്നത് സിപിഐക്കാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.

ഭൂഗർഭ ജലം ഇല്ലാത്തതുകൊണ്ട് ഒരുപാട് പദ്ധതികൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നായിരുന്നു പാലക്കാട് എം പിയായിരിക്കെ മന്ത്രി പറഞ്ഞത്. സന്തുലിത പദ്ധതികൾ മാത്രമേ ഇവിടെ പറ്റൂ എന്ന് ആണ് അദ്ദേഹം അന്ന് പറഞ്ഞത്. ഇന്നിപ്പോൾ അദ്ദേഹം മന്ത്രി ആയപ്പോൾ ആ സാഹചര്യം എങ്ങനെ മാറി? ഭൂഗർഭ ജലം കുറവായ സ്ഥലത്ത് ആണ് വെള്ളം അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ബ്രൂവരി തുടങ്ങാൻ പോകുന്നത്. മദ്യനയം മാറിയത് കേരളത്തിൽ ആരും അറിഞ്ഞില്ല, എന്നാൽ മധ്യപ്രദേശുകാർ അറിഞ്ഞു. കോളജ് നിർമ്മിക്കാനെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. പിന്നിൽ അഴിമതിയാണെന്നും അദ്ദേഹം ആരോപിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*