
ഗുണ്ടകളുടെ സമ്മേളനങ്ങൾ ആണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. ഗുണ്ടകളുമായി ബന്ധമുള്ള പോലീസുകാരുടെ എണ്ണം കൂടി. പൊലീസിൽ മുഴുവൻ ഇടപെടൽ നടക്കുന്നു. ചങ്ങലക്ക് ഭ്രാന്ത് പിടിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. നെന്മാറ സംഭവത്തിൽ വീഴ്ച പോലീസിന് തന്നെയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മലയോരത്ത് നിന്ന് വീണ്ടും വരുന്നത് വലിയ ഞെട്ടിക്കുന്ന വാർത്തകളാണ്. ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചുപേരെ ആന ചവിട്ടിക്കൊന്നു. മൂന്ന് ദിവസത്തിനുള്ളിൽ നാലാമത്തെ കാട്ടാനാക്രമണ മരണം. അടിയന്തര നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും സർക്കാർ ഒരു സ്റ്റെപ്പും എടുക്കുന്നില്ല.
ചൂട് കൂടുന്നതിനാൽ വെള്ളമില്ലാത്തതുകൊണ്ട് ആന പുറത്തേക്ക് ഇറങ്ങുന്നു. ആനക്ക് ഭക്ഷണവും വെള്ളവും ഉൾക്കാട്ടിൽ സജ്ജീകരിക്കണം. ഇമ്മീഡിയറ്റ് റെസ്പോൺസ് ടീമിനെ അടിയന്തരമായി ആന ഇറങ്ങുന്ന മേഖലകളിൽ നിയോഗിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സർക്കാർ ഒന്നും ചെയ്യുന്നില്ല. വനമന്ത്രി ഇന്നലെ നിയമസഭയിൽ നടത്തിയത് തെറ്റായ പരാമർശം. ഇന്നലെ ആക്രമണം നടന്നത് വയലിൽ, മിനിഞ്ഞാന്ന് നടന്നത് പ്ലാന്റേഷനിൽ. കാടിനുള്ളിലേക്ക് അതിക്രമിച്ച കയറിയ ആരെയുമല്ല ആന കൊലപെടുത്തിരിക്കുന്നത്.
വനാതിർത്തിക്ക് 15 കിലോമീറ്റർ ദൂരം വരെ വന്യമൃഗ ശല്യം ഉണ്ട്. കാടിനുള്ളിൽ നടക്കുന്ന ആക്രമണങ്ങൾ ചുരുക്കം. മൊഷ്ടാക്കളെയോ മാവോയിസ്റ്റുകളെയോ അല്ല അല്ല ആന ചവിട്ടിക്കൊന്നത്; സാധാരണക്കാരെയാണ്.
വനംമന്ത്രി ആരെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് വ്യക്തമല്ല. യോഗം നടക്കുന്നതല്ലാതെ ഫലം ഉണ്ടാകുന്നില്ല. അപകടം പിടിച്ച സ്ഥലങ്ങളിൽ റാപിഡ് ആക്ഷൻ ഫോഴ്സ് നിയോഗിക്കണം. സർവ്വകക്ഷിയോഗം വിളിക്കാൻ പറഞ്ഞിട്ട് സർക്കാർ ഒന്നും ചെയ്യുന്നില്ല. നിസ്സംഗരായിരിക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ ക്രമ സമാധാന നില ആകെ തകർന്നു എന്ന് വരുത്തരുത്. പ്രതിപക്ഷത്തിന് പൊള്ളുന്നുണ്ടല്ലോ. അതല്ലേ ഇങ്ങനെ ബഹളം വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിക്ക് പൊള്ളുന്നുവെന്ന് വിഡി സതീശന്‍ തിരിച്ചടിച്ചു.
തെറ്റ് ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
Be the first to comment