
ആര്‍.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു യൂത്ത് കോണ്‍ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച ജനപ്രതിനിധിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.രാഹുല്‍ പാലക്കാടും ഇറങ്ങും കേരളത്തിന്റെ എല്ലാ ഭാഗത്തും പോകുകയും ചെയ്യും. ഭീഷണിപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ രീതിയാണ്. അത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസുകാരെയും സംരക്ഷിക്കാനുള്ള സംവിധാനം കേരളത്തിലെ കോണ്‍ഗ്രസിനുണ്ട്. ഒരു ബി.ജെ.പിക്കാരും ഭയപ്പെടുത്താന്‍ വരേണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.കേരള സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. ഫറൂഖ് മാനേജ്‌മെന്റ് നല്‍കിയ കേസ് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വഖഫ് ബോര്‍ഡ് ഹൈക്കോടതിയില്‍ പോയി ട്രിബ്യൂണലിന്റെ നടപടിക്രമങ്ങള്‍ക്ക് സ്റ്റേ വാങ്ങിയത്. ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ട്.
മെയ് 19 ന് ട്രിബ്യൂണലിന്റെ കാലാവധി അവസാനിക്കാന്‍ ഇരിക്കെ മെയ് 29 വരെയാണ് സ്‌റ്റേ വാങ്ങിയിരിക്കുന്നത്. ഇപ്പോഴത്തെ വഖഫ് ട്രിബ്യൂണല്‍ മുനമ്പം നിവാസികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് ഭയന്നാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്തത്. ട്രിബ്യൂണലില്‍ നിന്നും നീതിപൂര്‍വകമായ വിധിയുണ്ടാകുമെന്നാണ് മുനമ്പത്തെ ജനത കരുതിയിരുന്നത്. ആ ട്രിബ്യൂണലിനെക്കൊണ്ട് വിധി പറയിപ്പിക്കാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള വഖഫ് ബോര്‍ഡ് ശ്രമിച്ചത്.
വഖഫ് മന്ത്രിയുടെ കൂടി അനുമതിയോടെയാണ് വഖഫ് ബോര്‍ഡ് കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. മുനമ്പത്തെ ജനങ്ങള്‍ക്ക് കിട്ടേണ്ട നീതി സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വം വൈകിപ്പിക്കുകയാണ്. ക്രൈസ്തവ- മുസ്ലീം ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണ്. എന്തിനു വേണ്ടിയാണ് കോടതിയെ സമീപിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കരുവന്നൂര്‍ കേസില്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍, തൃശൂര്‍ ജില്ലയിലെ സി.ഐ.പി.എം അനധികൃതമായി നൂറ് കോടി രൂപയില്‍ അധികം 25 അക്കൗണ്ടുകളിലൂടെ സമ്പാദിച്ചെന്നും ബാങ്കില്‍ നിന്നും അനധികൃതമായി നല്‍കുന്ന വായ്പകളുടെ വിഹിതം ഏജന്റുമാര്‍ കൈപ്പറ്റിയിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണമുണ്ട്.
ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മും സര്‍ക്കാരും മറുപടി പറയണം. ഒരു ജില്ലയില്‍ ഇങ്ങനെയാണെങ്കില്‍ കേരളം മുഴുവന്‍ എത്രായിരം കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാകും? ഏരിയാ കമ്മറ്റികള്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇ.ഡിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത സി.പി.എമ്മിനുണ്ട്.
പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെട്ടു പോകുന്നതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ കേസില്‍ സി.പി.ഐ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്. പിണറായി വിജയനെ ഭയന്ന് സി.പി.എം നേതാക്കള്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് മത്സരിച്ച് പിന്തുണ നല്‍കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സി.പി.ഐഎം സ്വീകരിച്ചത്. അധികാരത്തിന്റെ കൂടെ നില്‍ക്കാനാണ് ഇപ്പോള്‍ സി.പി.എം നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതേ നിലപാട് തന്നെയാണ് ബിനോയ് വിശ്വവും ആദ്യം സ്വീകരിച്ചത്. പിന്നീട് പാര്‍ട്ടി യോഗം ചേര്‍ന്നപ്പോഴാണ് പുതിയ അഭിപ്രായം വന്നത്. സി.പി.ഐ നേതാക്കള്‍ക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാടാണ്. ഓരോ ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും. ബിനോയ് വിശ്വത്തിന്റെ നിലപാട് എത്ര ദിവസം നിലനില്‍മെന്ന് അറിയില്ല. പാര്‍ട്ടിയിലും മുന്നണിയിലും അസ്വസ്ഥതകള്‍ പുകയുന്നു എന്നതിന്റെ ഉദാഹരണമാണിത്.
സ്തുതിപാടക സംഘം മത്സരിച്ച് സ്തുതി പാടുന്ന കാലത്താണ് ഇതൊക്കെ നടക്കുന്നത്. എല്ലാം കാരണഭൂതനാണെന്ന് പറയുന്ന ഒരു കാലത്ത് ജീവിക്കുമ്പോള്‍ അതിന് എതിരെ ചോദ്യം ഉന്നയിക്കാന്‍ ആരെങ്കിലുമെക്കെ വരട്ടെ. മകള്‍ക്കെതിരായ കേസിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന നിലപടാണ് പ്രതിപക്ഷം സ്വീകരിച്ചത്. സി.പി.ഐയും അതേ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കും. അവര്‍ ആ നിലപാട് സ്വീകരിക്കുമോയെന്ന് അറിയില്ല.
മകളുടെ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി മാധ്യമങ്ങളോട് ക്ഷുഭിതനായി. മുഖ്യമന്ത്രിക്ക് ഇഷ്ടമുള്ള ചോദ്യങ്ങളല്ല മാധ്യമങ്ങള്‍ ചോദിക്കുന്നത്. യോഗത്തിലും പത്രസമ്മേളനത്തിലും മുഖ്യമന്ത്രി ഇങ്ങനെ ക്ഷുഭിതനാകരുത്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് എതിരെ സി.ബി.ഐ അന്വേഷണം ഉത്തരവിട്ടുള്ള ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് കൂടിയുള്ള ആഘാതമാണ്. നേരത്തെ ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പ്രാഥമിക തെളിവുകള്‍ ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് അന്വേഷണം നടത്തി കെ.എം എബ്രഹാമിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ഹൈക്കോടതി വിധിയിലുള്ളത്. ഇതൊക്കെ ചോദിക്കാതിരിക്കാനാണ് മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത്. എക്‌സാലോജിക്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും കാര്യത്തിലും മുനമ്പത്തെ ജനങ്ങളെ വഖഫ് ബോര്‍ഡ് വഞ്ചിച്ചതിലും മുഖ്യമന്ത്രി മറുപടി പറയണം. സംഘ്പരിവാറിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കുടചൂടിക്കൊടുക്കുകയാണ്. അതാണ് ആലപ്പുഴയിലും കണ്ടത്. കേരളത്തിന് വേണ്ടി മുഖ്യമന്ത്രി അതില്‍ നിന്നും പിന്മാറണം.
സുപ്രീം കോടതി വിധിയെ കുറിച്ച് ഗവര്‍ണര്‍ നടത്തിയ പ്രതികരണം ഖേദകരമാണ്. ഭരണഘടനയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ് ഗവര്‍ണറുടെ പരാമര്‍ശം. ഒരു ഭരണഘടനാ സ്ഥാപനം മറ്റൊരു ഭരണഘടനാ സ്ഥാപനത്തിനെതിരെ പ്രതികരിച്ചത് അനുചിതമായിപ്പോയി.
വയനാട്ടിലെ ഡി.സി.സി ട്രഷററുടെ കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എം.വി ഗേവിന്ദന് എന്താണ് കാര്യം? എം.വി ഗോവിന്ദന് വേറെ ഒരുപാട് കാര്യങ്ങള്‍ തീര്‍ക്കാനുണ്ട്. ആദ്യം അതു പോയി തീര്‍ക്ക്. ഇത് ഞങ്ങള്‍ നോക്കിക്കോളാമെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Be the first to comment