മഞ്ചേശ്വരം കേസ് ശത്രുക്കളുടെ ഗൂഢാലോചന, കെ.സുരേന്ദ്രന് അഭിനന്ദനങ്ങൾ; വി.മുരളീധരൻ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു.

നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും വി.മുരളീധരൻ പ്രതികരിച്ചു. കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണ് എന്നും വി.മുരളീധരൻ പറഞ്ഞു.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് സുരേന്ദ്രൻ ഉൾപ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്.

സത്യം ജയിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സത്യം ജയിച്ചെന്നും കെട്ടി ചമച്ച കേസാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഒരു കേസിനെയും ഭയക്കുന്നില്ല. കേസിന് പിന്നിൽ സിപിഐഎം-കോൺഗ്രസ്-ലീഗ് ഗൂഢാലോചന. കള്ളകേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി.

ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ രണ്ടും സുരേഷ് നായ്ക്ക് മൂന്നും പ്രതികളായിരുന്നു. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്കായിരുന്നു നാലാം പ്രതി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട എന്നിവര്‍ അഞ്ചും ആറും പ്രതികളായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*