സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് ‘വാഴ’. തിയേറ്ററിൽ എത്തി ഒമ്പത് ദിവസം പിന്നിടുമ്പോൾ ചിത്രം ഇന്ത്യ ഒട്ടാകെ പത്ത് കോടി കളക്ഷൻ കടന്നിരിക്കുകയാണ് ചിത്രം. നാല് കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഇപ്പോൾ 10.73 കോടിയാണ് ഇന്ത്യയിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്.
‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് ‘വാഴ’. ആനന്ദ് മേനോനാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരുപാട് ആൺകുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. മികച്ച വിജയം നേടി മുന്നേറുന്ന ‘വാഴ’യുടെ രണ്ടാം ഭാഗവും അണിയറക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
വാഴ 2, ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ പേര്. വാഴ സിനിമയുടെ അവസാനത്തില്‍ തന്നെ ഹാഷിറേ ടീം നായകരാകുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. കണ്ടന്‍റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അര്‍ജുന്‍, വിനായകന്‍, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്ററും വിപിന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാകുമെന്നും വിപിന്‍ദാസ് പറയുന്നു.
അഖില്‍ ലൈലാസുരനാണ് ക്യാമറ. സംഗീത സംവിധായകനെ നിശ്ചയിച്ചിട്ടില്ല. സെര്‍ച്ചിങ് എന്നാണ് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വിപിന്‍ദാസ് നിര്‍മാണത്തിലും പങ്കാളിയാകുന്ന ചിത്രം ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്.
Be the first to comment