കോട്ടയം വൈക്കം ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്തുപാട്ടിന് സമാപനം

കോട്ടയം: വൈക്കം ക്ഷേത്രത്തിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന വടക്കുപുറത്തുപാട്ടിന് സമാപനം. 64 കൈകളിൽ ആയുധമേന്തി വേതാളത്തിൻ്റെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ കളംകണ്ട് തൊഴുത് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്. ഞായറാഴ്‌ച പുലർച്ചെ മുതൽ വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷമാണ് പലർക്കും കളം ദർശിക്കാനായത്.

പുതുശേരി കുറുപ്പന്മാരായ ആർ ഗോപാലകൃഷ്‌ണ കുറുപ്പ്, പി കെ ഹരികുമാർ (വൈക്കം കുട്ടൻ), വെച്ചൂർ രാജേഷ്, അമ്പലപ്പുഴ ഗോപകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാൽപ്പതിലേറെ കലാകാരന്മാരാണ് കളം വരച്ചത്. ഇന്നലെ (ഏപ്രിൽ 13) ഉച്ചയ്ക്ക് 12.30ന് കളം പൂർത്തിയാക്കി ഭക്തർക്ക് ദർശനത്തിനായി തുറന്നു കൊടുത്തു. വൈകിട്ടോടെ കളത്തിൽ ആചാരപരമായ തിരിയുഴിച്ചിൽ നടത്തി.

ഭദ്രകാളിയുടെ കളത്തിന് മുന്നിലെ പ്രത്യേക മണ്ഡപത്തിൽ നിന്ന് ദേവിയുടെ തിടമ്പ് ആനപ്പുറത്തേറ്റി, ക്ഷേത്രത്തിൽ പ്രദക്ഷിണം വച്ച് കൊച്ചാലും ചുവട് ഭഗവതി സന്നിധിയിലേക്ക് എഴുന്നള്ളിച്ചു. അവിടെ പ്രത്യേക പൂജകൾക്ക് ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും കുത്തുവിളക്കേന്തിയ സ്ത്രീകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എതിരേറ്റു.

തുടർന്ന് ദേവീദേവന്മാർ കൂടി എഴുന്നള്ളി. പ്രദക്ഷിണം പൂർത്തിയാക്കി വൈക്കത്തപ്പൻ ശ്രീകോവിലിലേക്കും ദേവി കളത്തിലേക്കും പ്രവേശിച്ചു. ശ്രീകോവിൽ നട അടച്ചതോടെ വടക്കുപുറത്ത് പാട്ട് മണ്ഡപത്തിലെ പൂജകൾ പൂർത്തിയാക്കി അമ്പലപ്പുഴ വിജയകുമാറിൻ്റെ നേതൃത്വത്തിൽ കളംപാട്ട് ആരംഭിച്ചു. കളം മായ്‌ച്ച് പൊടി ഭക്തർക്ക് പ്രസാദമായി നൽകി. രാത്രി 1:30ന് വലിയ ഗുരുതി നടത്തിയതോടെ ചടങ്ങുകൾ സമാപിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*