വൈക്കത്തഷ്ടമിക്ക് വിപുലമായ 
ഒരുക്കങ്ങൾ: മന്ത്രി വി എൻ വാസവൻ

കോട്ടയം: വൈക്കത്തഷ്ടമി സുഗമമായി നടത്താനുള്ള ക്രമീകരണങ്ങൾ ഉറപ്പുവരുത്തുമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈക്കത്തഷ്ടമി, ശബരിമല തീർഥാടക സൗകര്യങ്ങൾ വിലയിരുത്താൻ ചേർന്ന ആലോചനായോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
നവംബർ 12മുതൽ 23വരെയാണ് വൈക്കത്തഷ്ടമി. 24 മണിക്കൂറും പൊലീസ്, അഗ്‌നിരക്ഷസേന, എക്‌സൈസ് വിഭാഗങ്ങളുടെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. സുരക്ഷാ ക്രമീകരണങ്ങൾക്കായി 550 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ക്ഷേത്രവും പരിസരവും സിസിടിവിയുടെ നിരീക്ഷണത്തിലായിരിക്കും. 45 സ്ഥിരം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. തകരാറിലായ സിസിടിവികളും ഹൈമാസ്റ്റ് ലൈറ്റുകളും നന്നാക്കും. 
 കായലോര ബീച്ചിൽ ബാരിക്കേഡ് ഉണ്ടാകും. ജലഗതാഗതവകുപ്പ് സ്‌പെഷ്യൽ സർവീസ് ഏർപ്പെടുത്തും. തവണക്കടവിലും വൈക്കത്തുമുള്ള ബോട്ട് ജെട്ടികളിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. കെഎസ്ആർടിസി അധികസർവീസുകൾ നടത്തും. ഇ-ടോയ്ലറ്റ് സംവിധാനമൊരുക്കും. 

സി കെ ആശ എംഎൽഎ അധ്യക്ഷയായ യോഗത്തിൽ കലക്ടർ ജോൺ വി സാമുവൽ, നഗരസഭാധ്യക്ഷ പ്രീത രാജേഷ്, വൈസ്ചെയർമാൻ പി ടി സുഭാഷ്, ജില്ലാ പഞ്ചായത്തംഗം പി എസ് പുഷ്പമണി, പാലാ ആർഡിഒയുടെ ചുമതലയുള്ള എം അമൽ മഹേശ്വർ, അഡീഷണൽ എസ്പി വിനോദ് പിള്ള, വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ്, തഹസീൽദാർ എ എൻ ഗോപകുമാർ, നഗരസഭാംഗം ഗിരിജ കുമാരി,  ദേവസ്വം കമീഷണർ കെ ആർ ശ്രീലത, ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമീഷണർ എം ജി മധു, അസിസ്റ്റന്റ് എൻജിനീയർ സി ജെസ്‌ന, ഭക്ഷ്യസുരക്ഷാ ഓഫീസർ നീതു രവികുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ടിപ്സൺ തോമസ്, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി വി നാരായണൻ നായർ, എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*