വാലന്റൈൻസ് ഡേ; മനുഷ്യജീവിതത്തിൽ പ്രണയത്തെ ആഘോഷിക്കാനൊരു ദിവസം

എല്ലാ പ്രണയവും പൂർണ്ണമാവുന്നില്ല, എല്ലാ പ്രണയവും അപൂർണ്ണവുമാവുന്നില്ല. അതിജീവനത്തിൻ്റെ വഴികാട്ടിയാവുന്ന പ്രണയങ്ങളും ജീവിതത്തിൻറെ അനിവാര്യതയായി മാറുന്ന പ്രണയസാഫല്യങ്ങളും ഒക്കെ മാറിമറിയുന്ന മനുഷ്യജീവിതത്തിൽ പ്രണയത്തെ ആഘോഷിക്കാനൊരു ദിവസം, അതാണ് പ്രണയിതാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈൻസ് ഡേ (Valentine’s Day).

ക്രിസ്തു വർഷം  270 ഇൽ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ ഗോത്തിക്കസിന്റെ കൈകളാൽ രക്തസാക്ഷിയാകേണ്ടി വന്ന സെയിന്റ് വാലന്റൈൻ (Saint Valentine) എന്ന ബിഷപ്പിൻറെ  സ്മരണാർത്ഥമായിട്ടാണ് Valentine’s Day അഥവാ St. Valentine’s Day നിലവിൽ വന്നതെന്നാണ് പൊതുവെയുള്ള വിശ്വസനീയമായ ഒരു നിഗമനം.

ക്ലോഡിയസ് രണ്ടാമൻറെ നിർദ്ദേശത്തെ  മറികടന്നു പ്രണയിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തിരുന്നു വാലന്റൈൻ. വിവാഹിതരായ പുരുഷന്മാരെ യുദ്ധത്തിന് പോകുന്നതിൽ നിന്നും ഒഴിവാക്കിയിരുന്നതിനാൽ ബിഷപ്പിൻറെ പ്രവർത്തി ചക്രവർത്തിയെ ക്ഷുഭിതനാക്കുകയും അദ്ദേഹത്തെ വധിക്കുവാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് വാലന്റൈൻ ബിഷപ്പിൻറെ പെരുന്നാൾ ദിവസമായ February 14 പ്രണയത്തെ അനുസ്മരിക്കുന്ന ദിനമായി മാറിയത്.

അമേരിക്ക കാനഡ ബ്രിട്ടൻ ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ് വാലന്റൈൻസ് ഡേ പ്രചാരത്തിലുള്ളതെങ്കിലും, സമീപകാലത്തു ഇന്ത്യ കൊറിയ ഫ്രാൻസ് അർജന്റീന  തുടങ്ങിയ രാജ്യങ്ങളിലെയും യുവജനത വിപുലമായി തന്നെ പ്രണയദിനം ആഘോഷിക്കുന്നുണ്ട്. ഫിലിപ്പൈൻസിൽ പ്രധാനപ്പെട്ട വിവാഹ വാർഷിക ദിനമായി മാറിയിട്ടുണ്ട് Valentine’s Day. പ്രിയപ്പെട്ടവർക്ക് പൂക്കൾ ചോക്ലേറ്റ് ആശംസകാർഡുകൾ മുതലായ സമ്മാനങ്ങൾ നൽകാനും ഒന്നിച്ചു സമയം ചിലവഴിക്കാനുമാണ് അധികം പേരും  ഈ ദിവസം തിരഞ്ഞെടുക്കാറ്. തൻ്റെ പ്രണയം തുറന്നു പറയാൻ വാലന്റൈൻ ദിനം നോക്കിയിരിക്കുന്നവരും കുറവല്ല.

കാലവും കാതങ്ങളും കാരണങ്ങളും തടയിടാത്ത, സ്വാർത്ഥതയുടെ കളങ്കം ഏൽക്കാത്ത പ്രണയത്തിനു മനുഷ്യമനസ്സുകളിൽ സ്ഥാനമുള്ളിടത്തോളം മനുഷ്യവംശം ശ്രേഷ്ഠരായി തന്നെ ഭൂമിയിൽ വാഴും.

 

Be the first to comment

Leave a Reply

Your email address will not be published.


*