അങ്കമാലി: തെക്കൻ ജില്ലകളിൽ നിന്ന് എംസി റോഡ് വഴി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്നവർക്ക് ഇനി കാലടിയിലെ ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാം. വല്ലം-പാറക്കടവ് പാലം മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് ഉദ്ഘാടനം ചെയ്തതോടെയാണ് യാത്രക്കാർക്ക് ആശ്വാസമാകുന്നത്. കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നിന്ന് എംസി റോഡ് വഴി കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്നവർ കാലടിയിലെ കുരുക്കിൽ പെടുന്നത് പതിവാണ്.
കാലടി ടൗണിലെ ഗതാഗതക്കുരുക്ക് ഒരു മണിക്കൂർ വരെ നീളുന്നത് പലർക്കും വിമാനം നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ടാക്കിയിരുന്നു. ഇത്തരക്കാർക്കാണ് പുതിയ പാലം ആശ്വാസമാകുന്നത്. പുതിയ പാലം വന്നതോടെ കാലടി തൊടാതെ വിമാനത്താവളത്തിലെത്താനാകും.
നിലവിൽ പെരുമ്പാവൂരിൽ നിന്ന് വിമാനത്താവളത്തിലെത്താൻ 14.5 കിലോമീറ്ററാണ് ദൂരം. പാലം തുറന്നതോടെ അത് 11 കിലോമീറ്ററായി കുറയും. കാലടി ശ്രീശങ്കര പാലത്തിനും എം സി റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസായി പുതിയ പാലം പ്രവർത്തിക്കും. പുതിയ പാലം വന്നതോടെ കാഞ്ഞീർ പെരുമ്പാവൂർ യാത്രയിലും ആറ് കിലോമീറ്ററോളം ലാഭിക്കാം.
Be the first to comment