കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂർത്തിയായി. പുലർച്ചെ 5.10 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12. 19ന് കണ്ണൂരിൽ എത്തി. ഏഴ് മണിക്കൂർ ഒമ്പത് മിനുട്ട് പിന്നിട്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. ട്രെയിൻ എത്തിയതോടെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകരും വിവിധ സംഘടനകളും സ്റ്റേഷനുകളിൽ എത്തിയിരുന്നു. വന്ദേഭാരത് കണ്ണൂരിലെത്തിയതോടെ ലോക്കോ പൈലറ്റുമാരെ ബിജെപിയും മറ്റ് സംഘടനകളും ചേർന്ന് സ്വീകരിച്ചു.
കേരളത്തിൽ തിരുവനന്തപുരം – കണ്ണൂർ റൂട്ടിലോടുന്ന മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേഭാരത് വേഗതയിൽ ഒന്നാമതാണ്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്തിച്ചേരുന്ന ഏറ്റവും വേഗത കൂടിയ ട്രെയിൻ രാജധാനി എക്സ്പ്രസാണ്. 7.15 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന രാജധാനി എക്സ്പ്രസ് പുലർച്ചെ 3.12ന് കണ്ണൂരിലെത്തും. എട്ട് മണിക്കൂറോളം സമയമെടുത്താണ് ട്രെയിൻ കണ്ണൂരിലെത്തുന്നത്. എന്നാൽ രാജധാനിയേക്കാൾ ഒരു മണിക്കൂർ നേരത്തെ വന്ദേഭാരത് പരിക്ഷണയോട്ടത്തിൽ കണ്ണൂരിലെത്തി.
തിരുവനന്തപുരം – കണ്ണൂർ റൂട്ടിൽ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകൾ ജനശതാബ്ദി എക്സ്പ്രസും മാവേലി എക്സ്പ്രസുമാണ്. പുലർച്ചെ 4.50 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് 9 മണിക്കൂർ 20 മിനുട്ട് സമയമെടുത്ത് ഉച്ചയക്ക് 2.10 ന് തിരുവനന്തപുരത്തെത്തും. വന്ദേഭാരതിന്റെ സമയവുമായി താരതമ്യം ചെയ്യുമ്പോൾ ജനശതാബ്ദിക്ക് രണ്ട് മണിക്കൂർ വേഗത കുറവാണ്. മാവേലി എക്സ്പ്രസിനാകട്ടെ വന്ദേഭാരതിനേക്കാൾ മൂന്ന് മണിക്കൂർ വേഗത കുറവാണ്. വൈകീട്ട് 7.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസ് ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നത് 10 മണിക്കൂറോളം സമയമെടുത്ത് പുലർച്ചെ 5.20 നാണ്.
Be the first to comment