വന്ദേഭാരത്: അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന് അതിവേഗം ലക്ഷ്യമിട്ട് ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും ഊര്‍ജിതമാക്കി റെയില്‍വേ. ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. എറണാകുളം – ഷൊര്‍ണൂര്‍ റൂട്ടില്‍ മൂന്നാംവരി പാതയുടെ സര്‍വേയും തുടങ്ങി.

വന്ദേഭാരതിന്റെ വേഗതയ്ക്ക് കേരളത്തിലെ പാളങ്ങളിലെ വളവും തിരിവുമാണ് പ്രധാന തടസങ്ങൾ. ചെറിയ വളവുകൾ ഉളളയിടങ്ങളിലെല്ലാം അതു പരിഹരിക്കാനുളള ശ്രമം തുടങ്ങി. ട്രാക്കിന്റെ അറ്റകുറ്റപ്പണികളും, പാളത്തിനു സുരക്ഷ നൽകുന്ന പാളത്തോടു ചേർന്നു കിടക്കുന്ന മെറ്റൽ ഉറപ്പിക്കാനും ഉയരം കൂട്ടാനുമുള്ള പണികളും ഉയർന്ന ശേഷിയുള്ള സ്ലീപ്പറും റെയിലും സ്ഥാപിക്കുന്ന ജോലികളും നടക്കുന്നു. വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെ ഭാവിയിൽ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകൾ ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നത്. 

ഭൂമിയേറ്റെടുക്കാതെ തന്നെ വേഗ നിയന്ത്രണം നീക്കാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം നടപടിയിലേക്കു റെയിൽവേ കടന്നു. ഇതോടെ മറ്റ് ദീർഘദൂര ട്രെയിനുകളുടെയും വേഗം കൂടും. തിരുവനന്തപുരം – കായംകുളം സെഷനിൽ നിലവിലെ വേഗം 100 കിലോമീറ്ററാണ്. കായംകുളം എറണാകുളം സെക്ഷനിൽ 90, എറണാകുളം – ഷൊർണൂർ സെക്ഷനിൽ 80 കിലോമീറ്ററുമാണു വേഗം. ഈ സെക്ഷനുകളിൽ 110 കിലോമീറ്റർ വേഗ കൈവരിക്കാനും ഭാവിയിൽ 130 കിലോമീറ്റർ വരെ കൂട്ടാനുമാണ് റെയിൽവേയുടെ ലക്ഷ്യം. 

Be the first to comment

Leave a Reply

Your email address will not be published.


*