വണ്ടിപ്പെരിയാര്‍ കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി; ടിഡി സുനില്‍കുമാറിന് സസ്പെന്‍ഷൻ

വണ്ടിപ്പെരിയാറില്‍ ആറു വയസുക്കാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍ ടിഡി സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവിൽ അന്വേഷണത്തിലുണ്ടായ വീഴ്ചകള്‍ ചൂണ്ടികാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.

നിലവില്‍ എറണാകുളം വാഴക്കുളം എസ്എച്ച്ഒ ആണ് സുനില്‍കുമാര്‍. ക്രമസമാധാന ചുമതലയുള്ള എ‍ഡിജിപിയാണ് സുനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്. സസ്പെന്‍ഷന് പുറമെ ടിഡി സുനില്‍കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കോടതി വിധി വന്ന് ഒന്നരമാസത്തിനുശേഷമാണിപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകാത്തതിനെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. എറണാകുളം റൂറല്‍ അഡീഷനല്‍ പൊലീസ് പൊലീസ് സൂപ്രണ്ടായിരിക്കും വകുപ്പ് തല അന്വേഷണം നടത്തുക. അന്വേഷണം നടത്തി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

പൊലീസ് പ്രതിക്കൊപ്പം നിന്നുവെന്നും തെറ്റിദ്ധരിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ പീഡന നിരോധന നിയമം ചുമത്തുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ചുമത്തിയാല്‍ ആനുകൂല്യം ലഭിക്കില്ല എന്ന് കത്ത് വന്നപ്പോൾ ആണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് അറിഞ്ഞതെന്നും അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*