വാഴൂർ ഫുഡ് പ്രൊഡക്ട്‌സ് പ്രവർത്തനം തുടങ്ങി

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി കർഷകരെ ഉത്പാദനരംഗത്ത് സഹായിച്ചാൽ കാർഷിക മേഖല സമ്പന്നമാകുമെന്ന് ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി, കൃഷി വകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായ വാഴൂർ ഫുഡ് പ്രൊഡക്ട്‌സിന്റെ ഉദ്ഘാടനം ചാമംപതാലിൽ നിർവഹിച്ച ശേഷം ബ്ലോക്ക് പഞ്ചായത്തങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകരെ സഹായിക്കണമെങ്കിൽ അവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ന്യായമായവില കിട്ടണം. ഉത്പന്നങ്ങൾ കർഷകരിൽനിന്ന് കൃത്യമായി ഏറ്റെടുക്കാനും വിപണി കണ്ടെത്താനും അവയെമൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റാനും കഴിഞ്ഞാൽ കാർഷിക മേഖല സമ്പന്നമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി ഉത്പാദനരംഗത്ത് ഇടപെടുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായും മന്ത്രി പറഞ്ഞു.

ഉത്പന്നങ്ങളുടെ വിപണനത്തിന്റെയും ഔട്ട്ലെറ്റിന്റെയും ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും വാഴൂർ ഫുഡ് പ്രൊഡക്ട്‌സ് ഇക്കാര്യത്തിൽ മാതൃകയാകുമെന്നും ചീഫ് വിപ്പ് പറഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി പദ്ധതി വിശദീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*