
തിരുവനന്തപുരം: ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞ ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ. നിങ്ങൾ എഴുതിയ ഓരോ വാക്കും ഹൃദയസ്പർശിയാണ്. ചർച്ച ചെയ്യപ്പെടേണ്ടതുമാണ്. കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നു. വി ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘കേരളത്തിന്റെ ചീഫ് സെക്രട്ടറി പവർഫുൾ ആയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇട്ടിട്ടുള്ളത്. അതിൽ അഭിമാനം തോന്നി.സാധാരണ ആരും ആ ധൈര്യം കാണിക്കാറില്ല. എന്നാൽ ചീഫ് സെക്രട്ടറി ആ ധൈര്യം കാണിച്ചു. ഇത്രയും ഉന്നതമായ പദവിയിലിരിക്കുന്ന കേരളത്തിന്റെ ചീഫ് ഓഫ് സ്റ്റാഫായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് പോലും അങ്ങനെ എഴുതേണ്ടി വന്നുവെന്നത് നാം കാണണം. പുരോഗമനമായ കേരളം എന്ന് അഭിമാനിക്കുന്നുണ്ടെങ്കിലും ഒരുപാട് പേരുടെ മനസ്സിൽ യാഥാസ്ഥിതികമായ ചിന്തയുണ്ട്.’
‘എന്റെ അമ്മയുടെ നിറം കറുപ്പായിരുന്നു. ചെറുപ്പത്തിൽ അമ്മയുടെ നിറം കിട്ടിയില്ലല്ലോ എന്നതായിരുന്നു എന്റെ സങ്കടം. കറുപ്പിന് എന്താണ് കുഴപ്പം?’. കറുപ്പിന് എന്താണ് കുറവെന്നും വി ഡി സതീശൻ ചോദിച്ചു. ‘അത് തിരിച്ചു ചോദിച്ചു എന്നതാണ് ആ പോസ്റ്റിന്റെ പ്രസക്തി. അതിലൊന്നും ഒരു കാര്യമില്ലാത്ത കാലമാണ്. അങ്ങനെ ചിന്തിക്കുന്നത് പോലും പൊളിറ്റിക്കലി ഇൻകറക്റ്റ് ആണ്. കേരളം ഇപ്പോഴും ഒരുപാട് യാഥാസ്ഥിതികമായ കാഴ്ചപ്പാട് വെച്ചുപുലർത്തുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ചീഫ് സെക്രട്ടറിയുടെ ഈ പോസ്റ്റ്’ എന്നും വി ഡി സതീശൻ പറഞ്ഞു.
ശരീരത്തിന്റെ നിറത്തിന്റെ പേരിൽ അപമാനം നേരിട്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശമാണ് കുറിപ്പിൽ സൂചിപ്പിക്കുന്നത്. കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയത്. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടത്തിക്കൊണ്ടേയിരുന്നു. കറുപ്പ് മനോഹരമാണെന്നും ശാരദ മുരളീധരൻ കുറിപ്പിൽ പറഞ്ഞിരുന്നു.
Be the first to comment