‘എഡിഎമ്മിന്‍റെ മരണം കൊലപാതകത്തിന് തുല്യം, സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നത്’: വിഡി സതീശന്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണം കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഭവം വളരെ വേദനജനകമാണെന്നും കൊലപാതകത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി. സതീശന്‍.

സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെയെത്തിയ പഞ്ചായത്ത് പ്രസിഡന്‍റ് വളരെ അപമാനകരമായ രീതിയിലാണ് സംസാരിച്ചത്. അതാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു. സിപിഎം കുടുംബത്തില്‍പ്പെട്ടയാളാണ് അദ്ദേഹം. പ്രതിപക്ഷ സംഘടനകള്‍ക്ക് പോലും അദ്ദേഹം ഒരു അഴിമതിക്കാരനാണെന്ന് പരാതിയില്ല. അങ്ങനെയിരിക്കെയാണ് ക്ഷണിക്കപ്പെടാത്ത ചടങ്ങിനെത്തിയ പ്രസിഡന്‍റ് അപമാനിച്ചത്. അതാണ് അദ്ദേഹമൊരു കടുത്ത നടപടിയിലേക്ക് കടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാവിലെ പത്തനംതിട്ടയിലെത്തുമെന്ന് കരുതിയ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ലഭിച്ചത് ഈ വാര്‍ത്തയാണ്. ഇത് കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരമാണ്. അധികാരം എത്രമാത്രം ദുരുപയോഗപ്പെടുത്താമെന്നും അത്തരം സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ആരെയും അപമാനിക്കാമെന്നുമുള്ളത് കേരളത്തിന് ഒട്ടും ഭൂഷണമല്ല. ഇത് മുകളില്‍ കാണിക്കുന്നതിന്‍റെ പ്രതിഫലനം തന്നെയാണ് താഴെത്തട്ടിലും ഉണ്ടാകുന്നത്.

ഈ ഭരണത്തിന്‍റെ അഹങ്കാരവും ധിക്കാരവും അതിന്‍റെയൊരു പ്രതിഫലനമാണ് കണ്ണൂരിലെ ഒരു നേതാവ് ഈ ഉദ്യോഗസ്ഥനോട് ചെയ്‌തത്. അതുകൊണ്ട് വിഷയത്തില്‍ കേസെടുത്ത് അടിയന്തരമായ നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*