‘ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്ത്?’: ചോദ്യം ചെയ്ത് വിഡി സതീശന്‍

ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ സര്‍ക്കാരിന് ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്തെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ വലിയ തുകയാണ് കണക്കാക്കിയിരിക്കുന്നത്. തിരിച്ചറിഞ്ഞ മൃതശരീരങ്ങള്‍ ബന്ധുക്കള്‍ തന്നെ സംസ്‌കരിച്ചിട്ടുണ്ട്. ബാക്കിയുള്ള ശരീരങ്ങളും ശരീര ഭാഗങ്ങളുമാണ് അവിടെ സംസ്‌കരിച്ചത്. എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്‌റുമുള്‍പ്പടെയുള്ള ആളുകളാണ് എച്ച്എംഎലുമായി സംസാരിച്ച് ഇതിനുള്ള സ്ഥലം കണ്ടെത്തിയത്. സന്നദ്ധപ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം മുഴുവന്‍ ചെയ്തത് എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75000 രൂപ സര്‍ക്കാരിന് ചെലവായി എന്ന് കണക്ക് കൊടുക്കുന്നതിന്റെ വിശ്വാസ്യത എന്താണ്. 

കേന്ദ്ര ഗവണ്‍മെന്റിന് കൊടുത്ത മെമ്മോറാന്റം എന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും കേന്ദ്ര ഗവണ്‍മെന്റിന് ഇങ്ങനെയാണോ മെമ്മോറാന്റം കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ശ്രദ്ധയോട് കൂടി മെമ്മോറാന്റം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. മെമ്മോറാന്റം തയാറാക്കുന്നതില്‍ തന്നെ വലിയ അപാകത ഉണ്ടായെന്നും വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന രീതിയിലാണ് ഇത് തയാറാക്കിയതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു. SDRF മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാരിന് കണക്കുകള്‍ നല്‍കേണ്ടതെന്നും ഈ മാനദണ്ഡങ്ങളുമായി യാതൊരു ബന്ധവും കണക്കുകളിലെ പലകാര്യങ്ങള്‍ക്കുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമാന്യ യുക്തിക്ക് നിരക്കാത്ത കണക്കുകളാണ് നല്‍കിയിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം സെക്രട്ടറിയേറ്റിലെ സാമാന്യ ബുദ്ധിയുള്ള ക്ലര്‍ക്ക് പോലും ഇത്തരമൊരു കണക്ക് നല്‍കുമെന്ന് കരുതുന്നില്ലെന്നും വ്യക്തമാക്കി.

എവിടെയാണ് ഈ കണക്കുകള്‍ തയാറാക്കിയത്. ദുരന്തനിവാരണ അതോറിറ്റിയാണോ റവന്യു വകുപ്പാണോ കണക്കുകള്‍ തയാറാക്കയത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ വല്ല പരിശോധനയും നടത്തിയിട്ടുണ്ടോ? – അദ്ദേഹം ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*