‘ജമാ അത്തെ പിന്തുണ വർഷങ്ങളായി സിപിഐഎമ്മിന്; കെ.മുരളീധരനെ തിരുത്തി വി. ഡി സതീശൻ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോൺഗ്രസിനെന്ന കെ മുരളീധരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമി പിന്തുണ എൽഡിഎഫിനാണെന്നും 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലോ അഞ്ചോ സ്ഥാനാർഥികൾക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വി ഡി സതീശൻ പറഞ്ഞു.

2016-ൽ തനിക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിരുന്നെന്നും 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിനെ പിന്തുണച്ചെന്നുമാണ് കെ മുരളീധരൻ നേരത്തെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി – കോൺഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.

ഔദ്യോഗികമല്ലെങ്കിലും കോൺഗ്രസിൽ 2026 ലെ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി പോലും ചർച്ച ആരംഭിച്ച ദിവസങ്ങളാണ്. അതിനിടയിലാണ് പാർട്ടിയെ ആകെ വെട്ടിലാക്കി കെ മുരളീധരന്റെ പുതിയ പരാമർശം. 2016ൽ വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു. 2019 മുതൽ വെൽഫെയർ പാർട്ടി പിന്തുണയ്ക്കുന്നതും കോൺഗ്രസിനെയാണെന്നും കെ. മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഐഎം നേതാക്കൾ എല്ലാവരും കഴിഞ്ഞ ദിവസങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരിൽ കോൺഗ്രസിനെ വിമർശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം മുതൽ രാഹുൽഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ വിജയം വരെ ജമാഅത്തെ ഇസ്ലാമി പിന്തുണ കൊണ്ട് എന്നതായിരുന്നു സിപിഐഎം പ്രചരണം. സിപിഐഎമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകൾ തിരികെ എത്തിക്കാനുള്ള സി.പി.ഐ എമ്മിൻ്റെ ശ്രമം എന്നായിരുന്നു കോൺഗ്രസ് പ്രതിരോധം. വി.ഡി സതീശനെയും, രമേശ് ചെന്നിത്തലയേയും ഒപ്പം കോൺഗ്രസിനെയും ഒരുപോലെ പ്രതിരോധത്തിൽ ആക്കുന്നതാണ് കെ മുരളീധരന്റെ പ്രതികരണം. വരും ദിവസങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ മുരളീധരന്റെ പരാമർശം പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവയ്ക്കും.

Be the first to comment

Leave a Reply

Your email address will not be published.


*