
പിവി അൻവറിന്റെ രാജിയിലുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കേണ്ട ആളല്ല പ്രതിപക്ഷ നേതാവെന്ന് വിഡി സതീശൻ. രാജിവെക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വതന്ത്രമായ തീരുമാനം. അദ്ദേഹം രാജിവെക്കട്ടെ അപ്പോൾ പ്രതികരിക്കാമെന്ന് വിഡി സതീശൻ പറഞ്ഞു. അൻവറിന്റെ മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടുമില്ല തുറന്നിട്ടുമില്ലെന്ന് വിഡി സതീശൻ പറഞ്ഞു.
അൻവർ വിഷയം യുഡിഎഫ് ചർച്ചയ്‌ക്കെടുത്തിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഉചിതമായ സമയത്ത് ചർച്ച നടത്തും. ഇപ്പോൾ ചർച്ച നടത്തിയിട്ടില്ല എന്നതിനർത്ഥം ഇനി ഒരിക്കലും ചർച്ച നടത്തില്ല എന്നതല്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. കോൺഗ്രസിൽ ചേരാനുള്ള ശ്രമങ്ങൾ അൻവർ നടത്തിയെങ്കിലും ഇത് വിജയം കണ്ടിരുന്നില്ല. യുഡിഎഫിലേക്ക് എത്താനുള്ള നീക്കവും അൻവർ നടത്തി. ലീഗിന്റെ പിന്തുണ അൻവറിന് ലഭിച്ചിരുന്നെങ്കിലും യുഡിഎഫ് പ്രവേശനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിലേക്ക് അൻവർ നീങ്ങിയത്.
നിർണായക പ്രഖ്യാപനം നടത്താൻ പി വി അൻവർ നാളെ മാധ്യമങ്ങളെ കാണും. എം.എൽ എ സ്ഥാനം രാജിവെക്കാനാണ് വാർത്താ സമ്മേളനം എന്നാണ് സൂചന. ഫേസ്ബുക്കിലൂടെയാണ് പി.വി അൻവർ ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 9 മണിക്ക് സ്പീക്കറേയും പിവി അൻവർ കാണും. സ്പീക്കർക്ക് രാജിക്കത്ത് നൽകിയ ശേഷമാകും വാർത്ത സമ്മേളനം.
തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതോടെ അയോഗ്യതാ ഭീഷണി മറികടക്കാനാണ് പി.വി അൻവറിൻ്റെ നീക്കം എന്നാണ് സൂചന. നിലവിൽ കൊൽക്കത്തയിൽ ഉള്ള പി.വി അൻവർ നാളെ പുലർച്ചയോടെ തിരുവനന്തപുരത്തെത്തും. പാർട്ടിയിൽ ഔദ്യോഗികമായി ചേരാനുള്ള നിയമ തടസ്സവും അടുത്ത അഞ്ചുവർഷത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്ന കുരുക്കും ആണ് അൻവറിനെ രാജി ചിന്തയിലേക്ക് എത്തിച്ചത്.
Be the first to comment