കല്‍പ്പാത്തി രഥോത്സവ ദിനത്തിലെ പാലക്കാട് ഉപതെരഞ്ഞെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി ഡി സതീശൻ

കല്‍പ്പാത്തി രഥോത്സവ ദിനത്തില്‍ നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.വോട്ടെടുപ്പ് ദിനമായ നവംബര്‍ 13- തന്നെയാണ് കല്‍പ്പാത്തി രഥോത്സവവും നടക്കുന്നത്. ഈ സാഹചര്യത്തില്‍ നവംബര്‍ 13-ന് മുന്‍പുള്ള ഏതെങ്കിലും തീയതിയിലേക്ക് വോട്ടെടുപ്പ് മാറ്റണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

നവംബർ 13ന് കൽ‌പാത്തി രഥോത്സവം നടക്കുന്ന ദിവസമാണെന്നും ഇക്കാര്യം പ്രതിപക്ഷ നേതാവുമായി സംസാരിക്കുമെന്നും നേരത്തെ ഷാഫി പറമ്പിൽ പറഞ്ഞിരുന്നു.പാലക്കാടിന്റെ ഏറ്റവും വലിയ ആഘോഷമാണ് രഥോത്സവം. 13,14,15 തീയതികളിലാണ് ഉത്സവം നടക്കുന്നതെന്നാണ് അറിയുന്നത്. കൽപാത്തി രഥോത്സവം നടക്കുന്ന ദിവസം വോട്ടെടുപ്പ് നടക്കുന്നത് ബാധിക്കും. നേതൃത്വവുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

രണ്ടിടങ്ങളില്‍ ജയിച്ച രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്‌. ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*