പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ മുഴുവന്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത്ര ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണെന്നും ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ ഹൈക്കോടതി നേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞത് പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്യില്ലെന്നും മുഖ്യമന്ത്രി പേടിക്കണ്ടെന്നും വി ഡി സതീശന്‍ പരിഹസിച്ചു. സ്വപ്‌ന സുരേഷും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. പിണറായിയുടെയും കോടിയേരിയുടെയും പണം യുഎസിലേക്ക് പോകുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴിയാണെന്ന് ഷാജ് കിരണ്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. ഇതേത്തുടര്‍ന്നാണ് ബിലീവേഴ്സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ റദ്ദായതെന്നും സ്വപ്ന പറയുന്നുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ബിനാമിയാണ് ഷാജ് കിരണെന്നും സ്വപ്ന ആരോപിക്കുന്നു. സ്വപ്ന സുരേഷ് 164 സ്റ്റേറ്റ്മെന്റ് നല്‍കിയ ശേഷമുള്ളതാണ് ശബ്ദരേഖ. എന്നാല്‍ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുകയാണ് കോടിയേരി. ഇപ്പോള്‍ ഉയരുന്ന ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരായ പ്രചരണത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇടതുമുന്നണി ഇത് ചര്‍ച്ച ചെയ്യും. ഗൂഢ പദ്ധതിയെ തുറന്നുകാട്ടുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*