‘സ്ത്രീ എന്ന് പറഞ്ഞാൽ ശരീരം മാത്രമല്ല’: മാറേണ്ടത് മനോഭാവമെന്ന് മന്ത്രി വീണാ ജോർജ്

സ്ത്രീകൾക്കെതിരായ അതിക്രമം, കെ കെ രമയ്ക്ക് മറുപടി പറയാൻ മുഖ്യമന്ത്രി സഭയിൽ എത്തിയില്ല, പകരം മന്ത്രി വീണാ ജോർജ് മറുപടി നൽകി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമത്തിൽ സർക്കാരിന് ഒരു നിലപാട് മാത്രമെ ഉള്ളൂവെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി വീണാ ജോർജ് മറുപടി നൽകി. കാലടി സർവകലാശാലയിലെ അശ്ലീല ചിത്രപ്രചരണത്തിലെ പ്രതിയെ പൂമാലയിട്ട് സ്വീകരിക്കുകയല്ല ചെയ്തത്, പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്ത്രീ സുരക്ഷയ്ക്കായി ഒട്ടനവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സർക്കാർ ലാഘവത്തോടെ എടുക്കുന്നുവെന്ന് കെ കെ രമ എംഎൽഎ സഭയിൽ ആരോപിച്ചു. മുഖ്യമന്ത്രിയിൽ നിന്നാണ് പ്രതിപക്ഷം മറുപടി തേടിയത്. എന്നാൽ കെ കെ രമ അവതരിപ്പിച്ച അവിശ്വാസ പ്രമേയ നോട്ടീസിൽ മുഖ്യമന്ത്രി മറുപടി നൽകിയില്ല.

പോക്സോ കേസിൽ പ്രതിയായ ആളെ കെസിഎയുടെ തലപ്പത്തേക്ക് കൊണ്ട് വന്നു. ഇയാളാണ് പെൺകുട്ടികൾക്കെതിരെ മോശമായി പെരുമാറിയത്. ഇടതുപക്ഷം ഭരിക്കുന്ന നാടാണിത്, നമ്പർ വൺ എന്ന് പറയുന്ന കേരളത്തിലാണ് ഇത് നടക്കുന്നതെന്ന് രമ പറഞ്ഞു. ഇരയ്ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. പെൺകുട്ടികൾ പോക്സോ കോടതികൾ കയറിയിറങ്ങുന്നുവെന്നും രമ ആരോപിച്ചു.

എന്നാൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമം നടത്തുന്നവർ ആരായാലും ശക്തമായ നടപടിയെടുക്കാനുള്ള ആർജ്ജവം സർക്കാരിനുണ്ട്. കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ നടത്തുന്ന അതിക്രമങ്ങളിൽ നേതൃത്വം എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ചോദിച്ചു. അത്തരം അതിക്രമങ്ങൾക്ക് ഇരയായിട്ടുള്ള ആളാണ് താനും. തൃക്കാക്കര, പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ആക്രമണങ്ങൾ കണ്ടതാണെന്നും വീണാ ജോ‍ർജ് പറഞ്ഞു.

മാപ്പ് പറഞ്ഞതും തള്ളിപ്പറഞ്ഞതും കൊണ്ട് മാത്രം കാര്യമില്ല. മനോഭാവമാണ് മാറേണ്ടത്. സ്ത്രീയെന്നു പറഞ്ഞാൽ ശരീരം മാത്രമാണോ? വടകര തെരഞ്ഞെടുപ്പ് വേളയിൽ കെ കെ ശൈലജക്ക് നേരെ നടന്നത് എന്തെന്ന് കേരളം കണ്ടു. തയ്യൽ ടീച്ചറുടെ കഷ്ണം കിട്ടിയെങ്കിൽ തരണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വീണാ ജോ‍ർജ് സഭയിൽ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*