പുതുപ്പള്ളിയിൽ സി പി എമ്മിന് തിരിച്ചടിയായി മാസപ്പടി വിവാദം

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ നിനച്ചിരിക്കാതെ സിപിഎമ്മിനേറ്റ തിരിച്ചടിയായി വീണ വിജയനുമായി ബന്ധപ്പെട്ട്  മാസപ്പടി വിവാദം.  ഈ വിവാദം വന്നതോടെ മക്കള്‍ രാഷ്ട്രീയം പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ സിപിഎമ്മിന് പ്രയാസം സൃഷ്ടിക്കും. ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളി സീറ്റ് മകന് നല്‍കി എന്ന ആരോപണം ഉന്നയിച്ചാല്‍ യുഡിഎഫ് വീണയുടെ കമ്പനിയുടെ മാസപ്പടി വിവാദം  കത്തിക്കും. ഇത് സിപിഎമ്മിന് ശക്തമായ രാഷ്ട്രീയ തിരിച്ചടിയുമാകും.

വീണ വിജയന് മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആവശ്യപ്പെട്ടിട്ടുണ്ട്. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്ന് ഏത് പശ്ചാത്തലത്തിലാണ് വീണ വിജയന്‍ ഇത്രയധികം തുക വാങ്ങിയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നാണ് കുഴല്‍നാടന്‍ പറഞ്ഞത്.  ഇക്കാര്യം നിയമസഭയില്‍ ഉന്നയിക്കുമെന്നും കുഴല്‍നാടന്‍ വ്യക്തമാക്കിയത്. കേരള രാഷ്ട്രീയത്തിലെ വിവാദ  കരിമണല്‍ കമ്പനിയാണ് വീണയുടെ എക്സാലോജിക്കിന് പണം നല്‍കിയത്. സിപിഎമ്മിനെ വിഷമവൃത്തത്തിലാക്കുന്നത് വിവാദത്തിലെ ഈ കമ്പനിയുടെ  സാന്നിധ്യം കൂടിയാണ്.  

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് ലഭിച്ചത്  മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ  1.72 കോടി രൂപയാണ്.  സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായികൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്  2017 മാർച്ചിൽ  കരാറുണ്ടാക്കി. ഇവയനുസരിച്ച് വീണയ്ക്ക് പ്രതിമാസം 5 ലക്ഷം രൂപയും എക്സാലോജിക്കിന് പ്രതിമാസം 3 ലക്ഷവും നല്‍കി.

കമ്പനി എംഡിയും വീണയായതിനാല്‍  ഈ ഇനത്തില്‍ പ്രതിമാസം എട്ടു ലക്ഷം രൂപ ലഭിക്കുന്നത് വീണയുടെ കൈകളിലേക്ക് തന്നെയാണ്. ലഭ്യമായ കണക്കനുസരിച്ച് വീണയ്ക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കിട്ടി.  നൽകാത്ത സേവനത്തിനാണ് ഈ പണം എന്ന് വ്യക്തമാക്കി ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോര്‍ഡ് വിധി വന്നതാണ് സിപിഎമ്മിനും മുഖ്യമന്ത്രിയ്ക്കും ഒരുപോലെ തിരിച്ചടിയായത്. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സമയത്ത് തന്നെ  ബോര്‍ഡ് തീര്‍പ്പ്‌ വന്നതാണ്  സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*