വേണാട് എക്സ്പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീണ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ട്രെയിൻ വൈകി ഓടുന്നതടക്കമുള്ള ആരോപണങ്ങൾ പരിശോധിക്കുമെന്നും ട്രയിനിലെ പാൻട്രി കോച്ചുകൾ മാറ്റിയാവും അധിക കോച്ച് അനുവദിക്കുകയെന്നും ഇക്കാര്യം പരിഗണനയിലാണെന്നും അധികൃതർ വ്യക്തമാക്കി.കൊടിക്കുന്നിൽ സുരേഷ് എംപിക്കാണ് റെയിൽവേ ഇത് സംബന്ധിച്ച ഉറപ്പുനൽകിയത്.
വേണാട് എക്സ്പ്രസിലെ തിക്കും തിരക്കുമാണ് യാത്രക്കാർ കുഴഞ്ഞുവീഴാൻ കാരണമായത്. വന്ദേഭാരത് ട്രെയിനിന് വേണ്ടി സമയം മാറ്റിയതോടെയാണ് വേണാട് എക്സ്പ്രസിലെ യാത്ര ദുരിതയാത്രയായതെന്ന് യാത്രക്കാർ പറയുന്നു.എന്നാൽ എറണാകുളം വരെയുള്ള യാത്രയിൽ ആകെ 19 മിനിറ്റാണ് വൈകിയതെന്നും വന്ദേ ഭാരതിനായി ട്രെയിൻ പിടിച്ചിട്ടില്ലെന്നുമാണ് റെയിൽവേ പറയുന്ന വാദം.
എന്നാൽ ചെന്നൈ – തിരുവനന്തപുരം മെയിൽ കോട്ടയത്ത് എത്തിയപ്പോൾ മുതൽ ശുചിമുറി ബ്ലോക്ക് ആയി മാലിന്യം കമ്പാർട്ട്മെന്റിലേക്ക് ഒഴുകിയിരുന്നു.പരാതികൾ ലോക്കോ പൈലറ്റിനെ അല്ല 129 എന്ന നമ്പറിലൂടെ റെയിൽവേയെയാണ് അറിയിക്കേണ്ടതെന്ന് അധികൃതർ പറയുന്നു. ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കാൻ യാത്രക്കാർക്കും ഉത്തരവാദിത്വം ഉണ്ടെന്നാണ് റെയിൽവേയുടെ മറുപടി.
അതേസമയം, വേണാട് എക്സ്പ്രസ്സിൽ യാത്രക്കാർ കുഴഞ്ഞു വീണ സംഭവത്തിൽ മന്ത്രി വി അബ്ദുറഹ്മാൻ പ്രതികരിച്ചു. ദീർഘദൂര യാത്രക്കാർ ട്രെയിനിൽ കുടുങ്ങി കിടക്കുന്ന അവസ്ഥ അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. റെയിൽവെയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വരുന്നുണ്ട് ഇതെല്ലാം കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കാസർഗോഡ് – തിരുവനന്തപുരം റൂട്ടിൽ പുതിയ ലൈൻ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Be the first to comment