മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍

മാല ചോദിച്ചിട്ട് തരാത്തതിനാലാണ് പിതൃമാതാവ് സല്‍മാ ബീവിയെ കൊലപ്പെടുത്തിയതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്‍. മൂന്നുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പിതൃമാതാവിനെ കൊലപ്പെടുത്തിയത് എന്തിനെന്ന വിവരം പോലീസിനോട് പറഞ്ഞത്. കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല. അതുകൊണ്ടാണ് കൊന്നതെന്നാണ് അഫാന്‍ പോലീസിനോട് പറഞ്ഞത്. 

മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം അഫാന്‍ ആഭരണം ഊരിയെടുത്തു. വെഞ്ഞാറമൂട്ടിലെ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. പ്രതിയുമായി നാളെ പോലീസ് കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം ഉമ്മയെ ആക്രമിച്ച പ്രതി ചുറ്റിക വാങ്ങി നേരെ പോയത് പിതൃമാതാവിന്റെ വീട്ടിലേക്കായിരുന്നു.

അതിനിടെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഷെമിയോട് ഇളയ മകന്‍ മരിച്ച വിവരം കുടുംബം അറിയിച്ചു. മക്കളെ തിരക്കിയപ്പോള്‍ രണ്ടുപേരും അപകടത്തില്‍ പരിക്കേറ്റുവെന്നും, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും എന്നാണ് പിതാവ് ആദ്യം പറഞ്ഞത്. മെഡിക്കല്‍ കോളേജില്‍ നിന്ന് അവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിര്‍ദ്ദേശിച്ചപ്പോഴാണ് ഇളയ മകന്‍ മരിച്ച വിവരം അബ്ദുല്‍ റഹീം പറഞ്ഞത്. ഐസിയുവില്‍ തുടരുന്ന ഷെമിയോട് ഘട്ടം ഘട്ടമായി കുടുംബത്തില്‍ നടന്ന ദാരുണ സംഭവങ്ങള്‍ അറിയിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തു തുടര്‍ന്നായിരുന്നു മരണ വിവരം പറഞ്ഞത്.

അതേസമയം തന്റെ പേരില്‍ ഉണ്ടായിരുന്ന കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹീം പോലീസിനോട് പറഞ്ഞു. നെടുമങ്ങാട് രജിസ്‌ട്രേഷനുള്ള ഫോക്‌സ്വാഗണ്‍ വാഹനമാണ് നഷ്ടമായത്. കാര്‍ അഫാന്‍ പണയം വെച്ചതാകാം എന്നാണ് നിഗമനം. ഈ കാറിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*