കേരളത്തിലേത് അതീവ മോശം ധനമാനേജ്‌മെന്റ്; കടമെടുപ്പ് പരിധി ഉയര്‍ത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡൽഹി: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാനത്തെ ധനമാനേജ്മെന്റിലെ പിടിപ്പു കേടെന്ന് കേന്ദ്രസർക്കാർ. കേരളത്തിലേത് അതീവ മോശം ധനമാനേജ്മെന്റെന്നും കേന്ദ്രം കുറ്റപ്പെടുത്തി. കേരളത്തിന്റെ ധനകാര്യസ്ഥിതി വിശദീകരിക്കുന്ന കുറിപ്പ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്തു.
കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നേരത്തെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിന് മറുപടിയെന്ന നിലയിലാണ് കേന്ദ്ര ധനമന്ത്രാലയം അറ്റോർണി ജനറലിന്റെ ഓഫീസ് മേഖന കുറിപ്പ് കോടതിയിൽ നൽകിയത്. ധനകാര്യ കമ്മീഷൻ കേരളത്തിന് നൽകണമെന്ന് ശുപാർശ ചെയ്തതിനേക്കാൾ അധികം പണം നൽകിയിട്ടുണ്ട്.

കേന്ദ്ര നികുതികൾ, കേന്ദ്ര പദ്ധതികൾക്കുള്ള തുക തുടങ്ങി സംസ്ഥാനത്തിന് അർഹതപ്പെട്ട പണം അനുവദിച്ചിട്ടുണ്ട്. 2018-19 ൽ സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം ആയിരുന്നു കടമെങ്കിൽ, ഇപ്പോൾ 2021-22 ആയപ്പോൾ 38 ശതമാനം ആയി ഉയർന്നതായി കേന്ദ്രസർക്കാർ സൂചിപ്പിക്കുന്നു.

സംസ്ഥാനം കടത്തിന് നൽകുന്ന പലിശയിലും വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. 14-ാം ധനകാര്യ കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ളത്, സംസ്ഥാനം എടുക്കുന്ന കടത്തിന്റെ മൊത്തം പലിശ 10 ശതമാനത്തിൽ അധികമാകരുതെന്നാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ കേരളത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 19.8 ശതമാനമായി വർധിച്ചു.

ഉയർന്ന പലിശ നൽകുന്നതു തന്നെ സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഏറ്റവും അധികം കടമുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കടമെടുപ്പ് പരിധി ഇനി ഉയർത്താനാകില്ലെന്നും കുറിപ്പിൽ കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*