മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ അന്തരിച്ചു

കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ ബി ആർ പി ഭാസ്കർ (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ, രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ബി ആർ പി ഭാസ്കർ എന്ന ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1932 മാർച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ഏ കെ ഭാസ്കർ ഈഴവനേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. 

മീനാക്ഷി ഭാസ്കർ ആണ് മാതാവ്. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കിയ ബി ആർ പി ഭാസ്കർ ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

നവഭാരതംപത്രം ഉടമ കൂടിയായായിരുന്നു ബിആർപി ഭാസ്കറിന്റെ പിതാവ്. ‘നവഭാരത’ത്തിൽ അച്ഛൻ അറിയാതെ അപരനാമത്തിൽ വാർത്തയെഴുതിയാണ് ബിആർപി ഭാസ്കർ മാധ്യമരം​ഗത്തേക്ക് എത്തിയത്. 1952-ൽ ‘ദ ഹിന്ദു’വിൽ ട്രെയിനിയായി. 14 വര്‍ഷം ദ ഹിന്ദു, സ്റ്റേറ്റ്സ്മാൻ, പേട്രിയറ്റ് എന്നീ പത്രങ്ങളില്‍ ജോലി ചെയ്തു. 1966-ല്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയിലും കശ്മീരിലും യുഎന്‍ഐയുടെ ബ്യൂറോ ചീഫായിരുന്നു. ഡെക്കാണ്‍ ഹെറാള്‍ഡില്‍ 1984 മുതല്‍ മാധ്യമപ്രവര്‍ത്തകനായി. കശ്മീര്‍ ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കിയതിന് ബിആര്‍പിക്കെതിരേ വധശ്രമമുണ്ടായിട്ടുണ്ട്.

1991ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. കേരള സർക്കാരിന്‍റെ സ്വദേശാഭിമാനി–കേസരി മാധ്യമ പുരസ്കാരം 2014 -ൽ ലഭിച്ചു. ‘ന്യൂസ് റൂം’ എന്ന ആത്മകഥയ്ക്ക് 2023-ലെ മികച്ച ആത്മകഥയ്ക്കുളള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഭാര്യ രമ 2023 ഫെബ്രുവരിയില്‍ മരിച്ചു. ഏകമകള്‍ ബിന്ദു ഭാസ്കര്‍ കാന്‍സര്‍ ബാധിച്ച് 2019ല്‍ മരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*