അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് 52 വര്‍ഷം

അനശ്വര നടന്‍ സത്യന്‍ വിട വാങ്ങിയിട്ട് 52 വര്‍ഷം. വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും മലയാളസിനിമാ രംഗത്ത് ഒരു പാഠപുസ്തകമായി സത്യന്‍ ഇന്നും ജീവിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു. രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള അദ്ദേഹം തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും എന്നും മലയാളികളുടെ മനസില്‍ ജീവിക്കുന്നു. 

സത്യന്‍ എന്ന സത്യനേശന്‍ നാടാര്‍ മലയാള സിനിമയിലേക്കെത്തുന്നത് ഏറെ വൈകിയാണ്. തന്റെ നാല്‍പ്പതാം വയസ്സില്‍. രോഗബാധിതനായി മരണത്തിനു കീഴടങ്ങുമ്പോഴാകട്ടെ, വെറും അന്‍പത്തിയൊമ്പതു വയസ്സുമാത്രമായിരുന്നു അദ്ദേഹത്തിനു പ്രായം. ക്ഷണനേരത്തില്‍ മിന്നിമറഞ്ഞുപോയ അഭിനയ ജീവിതത്തിനിടയില്‍ അദ്ദേഹം നേടിയെടുത്തത് വലിയ ജനസമ്മതിയും നിരൂപകപ്രശംസയുമാണ്. വെറുമൊരു നോട്ടം കൊണ്ടോ, ഭാവം കൊണ്ടോ, ശരീര ഭാഷ കൊണ്ടോ ബഹളങ്ങളില്ലാതെ മിതമായി തിരശ്ശീലയില്‍ ആശയസംവേദനം നടത്തുന്നതായിരുന്നു സത്യന്റെ രീതി. മലയാള സിനിമയ്ക്ക് അന്ന് തീര്‍ത്തും പുതിയതായിരുന്നു സൂക്ഷ്മാഭിനയത്തിന്റെ ആ ശൈലി. നാഗര്‍കോവിലിലെ ചെറുഗ്രാമത്തില്‍ നിന്നും സിനിമയുടെ താരസിംഹാസനത്തിലേക്കുള്ള സത്യന്റെ യാത്രയ്ക്ക് പല അധ്യായങ്ങളുണ്ട്..

1912 നവംബർ 9-ന് തെക്ക് തിരുവിതാംകൂറിലെ തിരുമലക്കടുത്തുള്ള ആരമട എന്ന ഗ്രാമത്തിൽ മാനുവലിന്റേയും ലില്ലി അമ്മയുടേയും മകനായാണ് സത്യൻ ജനിച്ചത്. അക്കാലത്തെ ഉയർന്ന ബിരുദമായി കണക്കാക്കപ്പെട്ടിരുന്ന വിദ്വാൻ പരീക്ഷ പാസായതിനു ശേഷം സ്കൂൾ അദ്ധ്യാപകനായി സെ. ജോസഫ് സ്കൂളിൽ ജോലി നോക്കി. കുറച്ചു കാലം സെക്രട്ടറിയേറ്റിൽ ജോലി ചെയ്തതിന് ശേഷം 1941 ൽ പട്ടാളത്തിൽ ചേർന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ മണിപ്പൂർ സേനയിൽ അം‌ഗമായി സേവനമനുസരിച്ചിരുന്നു. പട്ടാളസേവനത്തിനുശേഷം തിരിച്ചുപോരുകയും തിരുവിതാംകൂറിൽ പോലീസ് ആയി ചേരുകയും ചെയ്തു. 1947-48 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് വിപ്ലവ കാലത്ത് സത്യൻ ആലപ്പുഴ പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നുണ്ടായിരുന്നു. അവിടെ അദ്ദേഹം നാടാർ ഇൻസ്പെക്ടർ എന്ന് അറിയപ്പെട്ടു.

അദ്ദേഹം പോലീസിലായിരുന്നപ്പോഴാണ് സിനിമയിലേക്ക് വരുന്നത്. 1951ൽ അഭിനയിച്ച ത്യാഗസീമയടക്കമുള്ള ആദ്യകാല സിനിമകള്‍ പുറംലോകം കണ്ടില്ല.1952ല്‍ പ്രദര്‍ശനത്തിന് എത്തിയ ആത്മസഖിയിലൂടെ സത്യൻ മലയാള സിനിമാ ലോകത്ത് വരവറിയിച്ചു. ചിത്രം വൻ വിജയമായി മാറുകയായിരുന്നു.  തുടര്‍ന്നങ്ങോട്ട് സ്‍നേഹസീമ, ആശാദീപം, ലോകനീതി, തിരമാല എന്നീ സിനിമകളിലൂടെ സത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി. ദേശീയതലത്തിലും അംഗീകാരം കിട്ടിയ നീലക്കുയിലിലെ അഭിനയത്തോടെ സത്യൻ മലയാള സിനിമയിലെ വിജയ നായകപട്ടം അണിഞ്ഞു. കേന്ദ്ര സർക്കാറിന്റെ രജത കമലം അവാർഡ് ലഭിച്ച ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു നീലക്കുയിൽ. ഈ ചിത്രത്തിന്റെ വിജയം സത്യനേയും കൂടെ അഭിനയിച്ച നായിക മിസ്. കുമാരിയേയും പ്രശസ്തരാക്കി.

ഓടയിൽ നിന്ന് എന്ന ചിത്രത്തിലെ പപ്പു, ദാഹം എന്ന ചിത്രത്തിലെ ജയരാജൻ, യക്ഷി എന്ന ചിത്രത്തിലെ പ്രൊ. ശ്രീനി എന്നിവ സത്യന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്. മലയാളത്തിലെ എക്കാലത്തേയും മികച്ച ഒരു നടനായിട്ടാണ് സത്യനെ കണക്കാക്കുന്നത്. ചെമ്മീൻ എന്ന സിനിമയിലെ വേഷം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ എന്നും എടുത്തുപറയാവുന്ന ഒന്നാണ്. മലയാളത്തിൽ 150ലേറെ ചിത്രങ്ങളിൽ സത്യൻ അഭിനയിച്ചു. തമിഴിൽ രണ്ടു ചിത്രങ്ങളിലും അഭിനയിച്ചു. 

ചലച്ചിത്രമേഖലയിൽ നിറഞ്ഞുനിൽക്കേ 1970 ഫെബ്രുവരിയിൽ സത്യന് രക്താർബുദം സ്ഥിരീകരിച്ചു. ഡോക്ടർ വിശ്രമം നിർദ്ദേശിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ സത്യൻ അഭിനയം തുടർന്നു. ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ രക്തം ചർദ്ദിച്ച് കുഴഞ്ഞുവീണപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥ പലർക്കും മനസ്സിലായത്. തുടർന്ന് അദ്ദേഹം സ്വയം കാറോടിച്ചുപോയി ആശുപത്രിയിൽ അഡ്മിറ്റായി. അദ്ദേഹത്തെ കാണാൻ വന്ന മക്കളോട് ‘എനിക്കൊന്നുമില്ല. ഞാനൊന്നുറങ്ങട്ടെ’ എന്ന് അദ്ദേഹം പറഞ്ഞു. ഇതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ. ഒടുവിൽ, 1971 ജൂൺ 15-ന് പുലർച്ചെ നാലരയോടെ 59-ാം  വയസിൽ അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. 

സത്യന്റെ അഭിനയപ്രതിഭയുടെ ഒരംശം മാത്രമേ ആസ്വാദകര്‍ക്ക് അനുഭവിക്കാനായുള്ളൂ എന്ന് വിശ്വസിക്കുന്നവരാണ് അധികവും. മറ്റു നായകനടന്മാരേക്കാള്‍ വൈകി മാത്രം തിരശ്ശീലയിലെത്തി, വളരെപ്പെട്ടന്നു തന്നെ തിരികെ മടങ്ങിയ സത്യന്‍ മലയാള സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നാണ്.

Be the first to comment

Leave a Reply

Your email address will not be published.


*