കേരള സര്‍വകലാശാല കലോത്സവത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിച്ച് ;വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: പരാതിയും വിവാദവും ഉയര്‍ന്നതിനെത്തുടര്‍ന്ന് കേരള സര്‍വകലാശാലാ യൂണിയന്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ പേരുമാറ്റാന്‍ നിര്‍ദേശിച്ച് വൈസ് ചാന്‍സലര്‍. അധിനിവേശങ്ങള്‍ക്കെതിരേ കലയുടെ പ്രതിരോധം എന്ന പ്രമേയവുമായി ‘ഇന്‍തിഫാദ’ എന്ന പേരാണ് കലോത്സവത്തിന് നല്‍കിയിരുന്നത്.  ഇസ്രയേലിനുനേരേ ആക്രമണം നടത്താന്‍ ഹമാസ് ഉപയോഗിച്ച വാക്കാണിതെന്നു ചൂണ്ടിക്കാട്ടി ഒരുവിഭാഗം വിദ്യാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിനു പരാതി നല്‍കിയിരുന്നു. ഇതോടെയാണ് കേരള യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ എന്ന പേരില്‍ കലോത്സവം നടത്തണമെന്നും ‘ഇന്‍തിഫാദ’ എന്ന പേര് ബാനറുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍  നിന്നും.സാമൂഹിക മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഉത്തരവിറക്കിയത്. ഭീകരസംഘടനകള്‍ ഉപയോഗിക്കുന്ന വാക്ക് കലോത്സവത്തിന്റെ പേരാക്കുന്നത് ഒഴിവാക്കണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

വിവാദത്തില്‍ അന്വേഷണം നടത്താന്‍ വി.സി. രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഉയര്‍ന്നുവരുന്ന പ്രതിരോധം’ എന്നുമാത്രമാണ് ഇന്‍തിഫാദ എന്ന വാക്കിന്റെ അര്‍ഥമെന്നും സര്‍ഗാത്മകമായി യൂണിവേഴ്സിറ്റി യൂണിയന്‍ ഉപയോഗിക്കാറുള്ള പേരിലും പ്രമേയത്തിലും സര്‍വകലാശാല ഇടപെടാറില്ലെന്നുമാണ് ഇതുസംബന്ധിച്ച സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടറോടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ‘ഇന്‍തിഫാദ’ എന്നവാക്കിന് അര്‍ഥപരിണാമങ്ങളുണ്ടോയെന്ന് വിശദീകരിക്കാന്‍ ഭാഷാവിദഗ്ധരുടെയും സഹായം തേടിയതായയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രളയശേഷമുള്ള കലോത്സവത്തിന് ‘അതിജീവനം’ എന്നും സിറിയന്‍ സംഘര്‍ഷവേളയില്‍ ‘പലായനം’ എന്നും പേരിട്ടിരുന്നുവെന്നും ഡയറക്ടര്‍ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*