മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖ; വിദ്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച പൂർവ്വ വിദ്യാർത്ഥിനി വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. കേസ് അഗളി പൊലീസിന് കൈമാറിയേക്കും. അതേസമയം, വിഷയത്തിൽ ഗവർണർക്കും ഡിജിപിക്കും കെഎസ് യു പരാതി നൽകി.

എറണാകുളം മഹാരാജാസ് കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്ന് വ്യാജ രേഖയുണ്ടാക്കിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള പ്രിന്‍സിപ്പലിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. മഹാരാജാസ് കോളേജിലെ മലയാളം വിഭാഗത്തില്‍ രണ്ടുവര്‍ഷം ഗസ്റ്റ് ലക്ചററായി ജോലിചെയ്തുവെന്ന എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു.

സര്‍ട്ടിഫിക്കറ്റിലെ കോളേജിന്റെ എംബ്ലവും സീലും വ്യജമാണെന്നും ചൂണ്ടിക്കാട്ടുന്നു. 2018 മുതല്‍ 21 വരെ മഹാരാജാസില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തുവെന്നാണ് സര്‍ട്ടിഫിക്കറ്റിലുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി കോളേജില്‍ ഗസ്റ്റ്‌ലക്ചറര്‍ നിയമനം വേണ്ടിവന്നിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ വി എസ് ജോയ് വിശദീകരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*