
തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആർ അജിത്കുമാറിന്
വീഴ്ചയുണ്ടായോയെന്ന് സ്ഥിരീകരിക്കാനായി റവന്യൂമന്ത്രി കെ രാജന്‍റെ മൊഴിയെടുക്കും. പൂരം തടസപ്പെട്ട സമയത്ത് എഡിജിപിയെ വിളിച്ചപ്പോൾ ഫോണ്‍ എടുത്തില്ലെന്ന മന്ത്രിയുടെ ആക്ഷേപം കേന്ദ്രീകരിച്ച് മൊഴിയെടുക്കാനാണ് ഡിജിപിയുടെ തീരുമാനം.മൊഴി നൽകുമെന്നും,അന്വേഷണം ഇഴയുന്നതായി അഭിപ്രായം ഇല്ലെന്നും കെ രാജൻ പ്രതികരിച്ചു.
എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തില്‍ വിജിലന്‍സ് ക്ളീന്‍ ചീറ്റ് നല്‍കിയതോടെ എംആര്‍ അജിത്കുമാറിന് ഇനിയുള്ള തലവേദന തൃശൂർ പൂരം കലക്കലാണ്.പൂരം മുടങ്ങിയ സമയത്ത് പല തവണ ഫോണില്‍ വിളിച്ചിട്ടും അജിത്കുമാര്‍ എടുത്തില്ലെന്ന് കെ രാജന്‍ ആരോപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ഉള്‍പ്പടെ പൂരം നടത്തിപ്പിലെ പൊലീസ് ഇടപാടിനെക്കുറിച്ച് അറിയാനാണ് മന്ത്രിയുടെ മൊഴിയെടുക്കുന്നത്.
പൂരം മുടങ്ങിയ സമയത്ത് തൃശൂരിലുണ്ടായിട്ടും അജിത്കുമാര്‍ ഇടപെട്ടില്ലെന്നതുൾപ്പടെയുള്ള വീഴ്ചകള്‍ ഡിജിപി അക്കമിട്ട് നിരത്തിയതോടെയാണ് മുഖ്യമന്ത്രി തുടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രി അജിത്കുമാറിനെതിരെ മൊഴി നല്‍കിയാല്‍ വീഴ്ച സ്ഥിരീകരിക്കും. അതിനാല്‍ നാല് മാസത്തിനപ്പുറം ഡിജിപി സ്ഥാനക്കയറ്റത്തിന് തയ്യാറെടുക്കുന്ന അജിത്കുമാറിന്‍റെ ഭാവിയില്‍ നിര്‍ണായകമാണ് മന്ത്രിയുടെ മൊഴി. ആറു മാസം മുൻപ് പ്രഖ്യാപിച്ച പൂരം കലക്കലിലെ ത്രിതല അന്വേഷണം ഇഴയുന്നുവെന്ന ആക്ഷേപവും ശക്തമാണ്. മെയ് ആറിന് കേസ് വീണ്ടും പരിഗണിക്കും.
Be the first to comment