പുരസ്കാര ശില്പം ലേലം ചെയ്തു വിജയ് ദേവരകൊണ്ട

അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ലഭിച്ച മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാര ശില്പം ലേലം ചെയ്‌തെന്ന് വിജയ് ദേവരകൊണ്ട. ‘ഫാമിലി സ്റ്റാർ’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൻ്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പുരസ്കാരങ്ങളിലൊന്നും താൽപര്യമില്ലെന്നും ലഭിച്ച പുരസ്‍കാരങ്ങളിൽ പലതും മറ്റുള്ളവർക്ക് കൊടുത്തതായും താരം പറഞ്ഞു. ചില പുരസ്കാരങ്ങൾ ഓഫീസിലുണ്ടാവും. മറ്റുചിലത് അമ്മ എവിടെയോ എടുത്തുവെച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആർക്കോ കൊടുത്തു. കിട്ടിയ പുരസ്കാരങ്ങളിൽ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ടെന്നും വിജയ് പറഞ്ഞു.

മികച്ച നടനെന്ന നിലയിൽ കിട്ടിയ ആദ്യ ഫിലിം ഫെയർ പുരസ്കാരശില്പം ലേലം ചെയ്തു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവൻ പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയായിരുന്നു. വീട്ടിൽ ഒരു കല്ലിരിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരം പറഞ്ഞു.

2022-ൽ പുറത്തിറങ്ങിയ ‘സർക്കാരുവാരി പാട്ടാ’ എന്ന ചിത്രത്തിനു ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണം നേടിയ ​ഗീതാ ​ഗോവിന്ദമായിരുന്നു രണ്ടുപേരും ഒരുമിച്ച ആദ്യചിത്രം. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിൻ്റെ റിലീസ്.

Be the first to comment

Leave a Reply

Your email address will not be published.


*