ഇരുപത് വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങി വിജയ് ചിത്രം ‘ഗില്ലി’

ഇരുപത് വർഷങ്ങൾക്കു ശേഷം റീ റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ‘ഗില്ലി’ പ്രീ ബുക്കിങ്ങിൽ 50 ലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. തമിഴിൽ നിരവധി ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ച വിജയ്‌യെ സംബന്ധിച്ചിടത്തോളം ‘ഗില്ലി’ വളരെ പ്രധാനപ്പെട്ട സിനിമയാണ്. 2004ൽ റിലീസ് ചെയ്ത ഗില്ലിയാണ് വിജയ്‌യുടെ ആദ്യത്തെ 50 കോടി കളക്ഷൻ നേടുന്ന സിനിമ. ആ സിനിമയാണ് രണ്ടുപതിറ്റാണ്ടിനിപ്പുറം വീണ്ടും റിലീസ് ചെയ്യുന്നത്.

ഏപ്രിൽ 20നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഏറ്റവും തരംഗമുണ്ടാക്കാൻ പോകുന്ന റീ റിലീസായിട്ടാണ് ഗില്ലിയെ പ്രേക്ഷകർ കാണുന്നത്. ലോകത്തെമ്പാടും റിസർവേഷൻ ആരംഭിച്ചിരിക്കുകയാണ്. മുമ്പെങ്ങുമുണ്ടാകാത്തതരം പ്രതികരണമാണ് അണിയറപ്രവർത്തകർ പ്രേക്ഷകരിൽനിന്ന് പ്രതീക്ഷിക്കുന്നത്. പ്രീറിലീസ് തന്നെ സിനിമ 50 ലക്ഷം രൂപയുടെ കച്ചവടം നടത്തി എന്നതുകൊണ്ട് തന്നെ റീ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടിയ ആദ്യദിന കളക്ഷനാണ് സിനിമയ്ക്ക് പ്രതീക്ഷിക്കുന്നത്.

പല തീയേറ്ററുകളും ബുക്കിങ് ആരംഭിക്കാനിരിക്കെ മിക്കവാറും ആദ്യദിനം 3 മുതൽ 4 കോടിരൂപവരെ കളക്ഷനുണ്ടാകാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു. രണ്ടു പതിറ്റാണ്ടിനിപ്പുറവും ഒരു വിജയ് സിനിമ തീയറ്ററിൽ ഓളങ്ങൾ സൃഷ്ടിക്കും എന്ന ആത്മവിശ്വാസത്തിലാണ് ആരാധകർ. ധരണി സംവിധാനം ചെയ്ത സിനിമയിൽ വിജയ്‌യുടെ നായികയായിയെത്തിയത്‌ തൃഷയാണ്. ‘ഒക്കഡു’ എന്ന തെലുഗു സിനിമയുടെ റീമേക്കുമാണ് ഗില്ലി. തെലുഗിൽ മഹേഷ് ബാബുവും ഭൂമിക ചൗളയുമാണ് പ്രധാന വേഷങ്ങൾ ചെയ്തത്. റീമാസ്റ്റർ ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ഗില്ലിയുടെ പുതിയ പതിപ്പിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഏതെങ്കിലും ഭാഗം വെട്ടിമാറ്റിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള ആകാംക്ഷ റിലീസിന് മുന്നോടിയായി പ്രേക്ഷകരിൽ നിലനിൽക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*