ചൈനക്കാരുടെ ഹീറോ ആയി വിജയ് സേതുപതി, നൂറ് കോടി ക്ലബിലേക്ക് ‘മഹാരാജ’

2024 ൽ തമിഴിൽ നിന്നുമെത്തി വൻ വിജയം നേടിയ വിജയ് സേതുപതി ചിത്രമായിരുന്നു മഹാരാജ. ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിതിലൻ സാമിനാഥനാണ് നിർവഹിച്ചത്. വിജയ് സേതുപതിയുടെ അമ്പതാം ചിത്രമെന്ന പ്രത്യേകതയും മഹാരാജക്കുണ്ട്. ഈയിടെ ചിത്രം ചൈനയിലും റിലീസ് ആയിരുന്നു. നയതന്ത്ര നീക്കത്തിലൂടെ കിഴക്കന്‍ ലഡാക്കിലെ എല്‍എസിയിലെ (യഥാര്‍ത്ഥ നിയന്ത്രണ രേഖ) തര്‍ക്കം അവസാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും കരാറില്‍ ഒപ്പ് വെച്ചതിന് ശേഷം ചൈനയില്‍ റിലീസായ ആദ്യ ഇന്ത്യൻ ചിത്രവും മഹാരാജയാണ്.

ചൈനയിൽ വമ്പൻ ഹിറ്റായി മുന്നേറുന്ന ചിത്രം 100 കോടി ക്ലബിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ ഈ സമയത്തിനുള്ളിൽ 91.55 കോടി രൂപ നേടിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി മഹാരാജ മാറിക്കഴിഞ്ഞു.

നവംബര്‍ 29 നാണ് ചൈനയില്‍ 40,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തത്. ആദ്യദിനത്തില്‍ ചൈനയില്‍ 4.60 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. എന്നാല്‍ രണ്ടാം ദിനം ആയപ്പോഴേക്കും ഈ കളക്ഷന്‍ 9.30 കോടിയായി ഉയര്‍ന്നു. ജൂണ്‍ 18 നാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തിയത്. തായ് വാനിലെ ടോപ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും 6 ആഴ്ച തുടര്‍ച്ചയായി ആ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനീസ് മാര്‍ക്കറ്റില്‍ എപ്പോഴും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ 3 ഇഡിയറ്റ്‌സ്, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ചൈനീസ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോൾ മഹാരാജയുടെ കുതിപ്പ് 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*